ന്യൂഡൽഹി: ഡൽഹിയിൽ പെട്രോൾ നികുതി കുറച്ചു. വാറ്റ് നിരക്ക് 30 ശതമാനത്തിൽനിന്ന് 19.40 ശതമാനം ആയാണ് കുറച്ചത്. ഇതോടെ പെട്രോൾ വിലയിൽ എട്ടു രൂപ കുറവു വന്നു. പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.ദീപാവലിക്കു മുന്നോടിയായി കഴിഞ്ഞ മാസം മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ കേന്ദ്ര സർക്കാർ കുറവു വരുത്തിയിരുന്നു.

കേന്ദ്ര സർക്കാർ കുറവു വരുത്തിയതിനു പിന്നാലെ എൻഡിഎ ഭരണ സംസ്ഥാനങ്ങളിലെ സർക്കാരുകളും നികുതി കുറവു പ്രഖ്യാപിച്ചു. രാഷ്ട്രീയ സമ്മർദം ഏറിയതോടെ ചില കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളും നികുതി കുറവു പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കില്ലെന്ന നിലപാടു സ്വീകരിച്ചത്.