ന്യൂഡൽഹി: ഒറ്റയ്ക്കു വാഹനം ഓടിച്ചുപോകുമ്പോഴും മാസ്‌ക് ധരിക്കണമെന്ന ഡൽഹി സർക്കാരിന്റെ ഉത്തരവിനെ വിമർശിച്ചു ഹൈക്കോടതി. ഉത്തരവ് ബുദ്ധിശൂന്യമാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഇത്തരമൊരു നിർദ്ദേശം ഇപ്പോഴും നടപ്പിലാകുന്നത് എന്തുകൊണ്ടാണെന്നും ഇത് പിൻവലിക്കാത്തതെന്താണെന്നും കോടതി ചോദിച്ചു. ഇതു ബുദ്ധിശൂന്യമായ നടപടിയാണെന്ന് കോടതി ചൊവ്വാഴ്ച പ്രതികരിച്ചു.

ജസ്റ്റിസുമാരായ വിപിൻ സാംഗി, ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വന്തം കാറിൽ നിങ്ങൾ ഇരിക്കുകയാണെങ്കിലും മാസ്‌ക് ധരിക്കണമോ? എന്ന് ഡൽഹി സർക്കാരിനോടു ചോദിച്ചത്. അമ്മയോടൊപ്പം കാറിൽ ഇരുന്ന് കാപ്പി കുടിച്ച ആൾ മാസ്‌ക് ധരിച്ചില്ലെന്നു കാണിച്ചു പിഴ ചുമത്തിയ കേസ് പരിഗണിക്കവെയായിരുന്നു ഇത്.

പ്രൈവറ്റ് കാറിൽ ഒറ്റയ്ക്ക് മാസ്‌ക് ധരിക്കാതെ യാത്ര ചെയ്തതിനു പിഴ ചുമത്തിയതിൽ ഇടപെടാനാകില്ലെന്ന 2021 ഏപ്രിൽ 7ലെ ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഉയർത്തിക്കാട്ടി. ഇങ്ങനെയൊരു ഉത്തരവ് മോശം കാര്യമാണെങ്കിൽ എന്തുകൊണ്ടു സർക്കാരിനു പിൻവലിച്ചുകൂടാ എന്നാണ് കോടതി ചോദിച്ചത്. ഉത്തരവ് പാസാക്കിയത് ഡൽഹി സർക്കാർ ആണെങ്കിലും കേന്ദ്രം ആണെങ്കിലും പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു.