ന്യൂഡൽഹി: കോവിഡ് നിയന്ത്രണവിധേയമായതിനെ തുടർന്ന് ഡൽഹിയിൽ ജൂൺ ഒന്നുമുതൽ 'അൺലോക്ക്' പ്രക്രിയ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. തുടക്കത്തിൽ ഫാക്ടറികൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുമെന്ന് കെജരിവാൾ പറഞ്ഞു.

ദിവസവേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികൾ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇളവുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇന്നലെ 1072 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആർ നിരക്ക് 1.53 ശതമാനമാണ്. 64 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 117 പേരാണ് മരിച്ചത്.

ഏപ്രിലിൽ പ്രതിദിന കോവിഡ് കേസുകൾ മുപ്പതിനായിരത്തിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപനം അതിതീവ്രമായതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

വിവിധഘട്ടങ്ങളിലായി ലോക്ക്ഡൗൺ നീട്ടുകയും ചെയ്തിരുന്നു. ലോക്ക്ഡൗൺ മെയ് 31ന് അവസാനിക്കാനിരിക്കെയാണ് ഡൽഹി സർക്കാരിന്റെ പുതിയ പ്രഖ്യാപനം