ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നെന്ന് ചൂണ്ടിക്കാണിച്ച് ഡൽഹി സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ പതിനെട്ട് ദിവസത്തിനുള്ളിൽ കോവിഡ് മരണങ്ങൾ ഉയർന്നിട്ടും സർക്കാർ പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാത്തത് എന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഭൂതക്കണ്ണാടി ഉപയോഗിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. കോവിഡ് ടെസ്റ്റ് വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ രാകേഷ് മൽഹോത്ര സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിമർശനം.

വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പതായി ചുരുക്കാൻ കോടതി ഇടപെടുന്നതുവരെ എന്തിന് കാത്തിരിക്കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങൾ ആമ ഇഴയുന്നതുപോലെ മന്ദഗതിയിൽ ആണെന്നും രോഗവ്യാപനം വർദ്ധിക്കുകയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു. സ്ഥിതി വഷളാകുന്നത് കണ്ടിട്ടും നിങ്ങൾ എന്തുകൊണ്ട് ഉണർന്ന് പ്രവർത്തിക്കുന്നില്ല എന്നും കോടതി ചോദിച്ചു.

'നവംബർ ഒന്നുമുതൽ 11വരെയുള്ള ദിവസങ്ങളിൽ നിങ്ങൾ എന്താണ് ചെയ്തത്? തീരുമാനമെടുക്കാൻ പതിനെട്ട് ദിവസം കാത്തിരുന്നത് എന്തിനാണ്? ഈ സമയത്തിനുള്ളിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്ന് അറിയുമോ?'-കോടതി ചോദിച്ചു. കോവിഡ് നിയമലംഘനങ്ങൾക്ക് ആദ്യം 500 രൂപ പിഴയും പിന്നീട് ആവർത്തിക്കുകയാണെങ്കിൽ ആയിരം രൂപ പിഴയും ഈടാക്കണമെന്ന് കോടതി നിർദേശിച്ചു.

ചില ജില്ലകൾ കോവിഡ് നിരീക്ഷണത്തിലും പിഴ ഈടാക്കുന്നതിലും വലിയ വീഴ്ച വരുത്തുന്നായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ ന്യൂയോർക്കിനെയും സാവോ പോളോയെയും ഡൽഹി മറികടന്നെന്നും സ്ഥിതിഗതികൾ ഭൂതക്കണ്ണാടി ഉപയോഗിച്ച് നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.