ന്യൂഡൽഹി: മൂന്ന് വാർത്താ ചാനലുകൾക്കെതിരെ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവി സമർപ്പിച്ച ഹർജിയിൽ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസിനും മാധ്യമപ്രവർത്തകർക്കും ദിഷ രവിക്കുമാണ് കോടതി നിർദേശങ്ങൾ നൽകിയത്. വിവരങ്ങൾ ചോർത്തി വാർത്ത നൽകരുതെന്ന് ഈ മാധ്യമങ്ങളോട് കോടതി നിർദേശിച്ചു.

വിവരങ്ങൾ ചോർത്തി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കണമെന്ന് പൊലീസിനോടും അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാധ്യമപ്രവർത്തകരോടും കോടതി പറഞ്ഞു. അതേസമയം പൊലീസിനെയും മറ്റ് അധികൃതരെയും അപകീർത്തിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദിഷയ്ക്കും കോടതി നിർദ്ദേശം നൽകി.

തന്റെ സ്വകാര്യ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തി എന്ന് ആരോപിച്ച് ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് നൗ എന്നീ ചാനലുകൾക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ദിഷയുടെ ഹർജി. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായത്. പൊലീസ് വിവരങ്ങളൊന്നും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ലെന്ന് മെഹ്ത കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഡൽഹി പൊലീസിനു വേണ്ടി സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.

വാർത്തയുടെ ഉറവിടം എന്താണെന്ന് ഒരു മാധ്യമപ്രവർത്തകനോട് ചോദിക്കാനാവില്ല. അതേസമയം ആ വാർത്ത സത്യസന്ധമായിരിക്കുകയും വേണം. ഒന്നും ചോർത്തി നൽകിയിട്ടില്ലെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. എന്നാൽ മാധ്യമങ്ങളുടെ അവകാശവാദം ഇതിന് കടകവിരുദ്ധമാണ്- കോടതി നിരീക്ഷിച്ചു.