ന്യൂഡൽഹി: മദ്യവും വൈനും വീടുകളിൽ വിതരണം ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയിലൂടെ ഓർഡർ നൽകിയാൽ മദ്യം വീട്ടിലെത്തും. ഇതിനായി ഡൽഹി സർക്കാർ മദ്യനിയമത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി.

എൽ 13 ലൈസൻസ് ഉള്ളവർക്ക് മാത്രമെ വിദേശമദ്യവും ഇന്ത്യൻ മദ്യവും വിതരണം ചെയ്യാൻ അനുമതിയുള്ളു.മൊബൈൽ ആപ്പ് വഴിയോ വെബ് പോർട്ടൽ വഴിയോ ബുക്ക് ചെയ്തവർക്ക് മാത്രമെ മദ്യം വിതരണം പാടുള്ളു. ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ, ഓഫീസ് എന്നിവിടങ്ങളിലേക്ക് മദ്യവിതരണത്തിന് അനുമതിയില്ലെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിൽ മദ്യഷോപ്പുകളും അടച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ലോക്കഡൗണിൽ ഇളവുകൾ നൽകിയത്. ഇതിന് പിന്നാലെയാണ് മദ്യം വീടുകളിൽ വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയത്.