ന്യൂഡൽഹി: ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് അർഹമായ മുഴുവൻ മെഡിക്കൽ ഓക്സിജനും അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് വിമർശനം.

എന്തുതന്നെ ആയാലും ഡൽഹിക്ക് മെഡിക്കൽ ഓക്സിജന്റെ മുഴുവൻ വിഹിതവും നൽകണമെന്നും കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.

'നിങ്ങൾക്ക് ഒട്ടകപക്ഷിയെപ്പോലെ മണലിൽ തല പൂഴ്‌ത്താം. ഞങ്ങൾ അങ്ങനെ ചെയ്യില്ല. നിങ്ങൾ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത്'- ജസ്റ്റിസുമാരായ വിപിൻ വിപിൻ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

490 മെട്രിക് ടണ്ണല്ല 700 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഡൽഹിക്ക് നൽകണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചു കൊണ്ടുകൂടിയാണ് ഹൈക്കോടതിയുടെ പരാമർശം. ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ക്ഷാമം മെയ്‌ മൂന്ന് അർധരാത്രിക്ക് മുൻപ് പരിഹരിക്കണമെന്ന് സുപ്രീം കോടതി ഏപ്രിൽ 30-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഓക്സിജൻ ക്ഷാമം മൂലം രാജ്യതലസ്ഥാനത്ത് വർധിച്ചുവരുന്ന മരണങ്ങൾ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹൈക്കോടതി കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിരുന്നു.

ഡൽഹിയിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമത്തെ തുടർന്നുള്ള മരണസംഖ്യ വർധിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി. വെള്ളം തലയ്ക്കു മീതേ എത്തിക്കഴിഞ്ഞു. നിങ്ങൾ എല്ലാ സംവിധാനവും ക്രമീകരിച്ചേ മതിയാകൂ. എട്ടു ജീവനുകൾ നഷ്ടപ്പെട്ടു. അതിനോട് ഞങ്ങൾക്ക് കണ്ണടയ്ക്കാനാവില്ല- കോടതി കൂട്ടിച്ചേർത്തു.