ന്യൂഡൽഹി: കർഷക സംഘടനകളുടെ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ജന്തർ മന്ദറിലേക്ക് എത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസർക്കാരിന് എതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്ത് തിങ്കാളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.

ഘാസിപ്പൂരിൽ നിന്നാണ് ടികായത്തിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ മധുവിഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പൊലീസിന് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ അറസ്റ്റ് പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കും. അവസാന ശ്വാസം വരെയും പോരാട്ടം തുടരുമന്നും അദ്ദേഹം കുറിച്ചു.

രാകേഷ് ടികായത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് രംഗത്തെത്തി. ഡൽഹി പൊലീസിന്റേത് നിന്ദ്യമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.