ന്യൂഡൽഹി: ഈ മാസം 18ന് ഡൽഹിയിലെ സ്കൂളുകൾ തുറക്കും. ആദ്യ ഘട്ടത്തിൽ പത്താം ക്ലാസിനും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സിബിഎസ്ഇ പരീക്ഷ തീയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡൽഹി സർക്കാർ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയത്. അതേ സമയം, സ്കൂളുകളിൽ ഹാജർ നിർബന്ധമില്ലെന്ന് ഉത്തരവിൽ പറയുന്നു.

കോവിഡ് വ്യാപനത്തെത്തുടർന്ന് പത്ത് മാസത്തിന് ശേഷമാണ് രാജ്യ തലസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നത്. രക്ഷകർത്താക്കൾ അനുവദിച്ചാൽ മാത്രം വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്തിയാൽ മതി. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സൂക്ഷിക്കണമെങ്കിലും ഹാജർ നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം.

ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായുള്ള പരീക്ഷകളും പ്രാക്റ്റിക്കൽ പരീക്ഷകളും നടത്താനായി സ്‌കൂൾ തുറക്കാൻ അനുമതി നൽകുന്നതായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പന്ത്രണ്ടാം ക്ലാസുകാരുടെ പ്രീ ബോർഡ് പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ ഏപ്രിൽ 15 വരെയും പത്താം ക്ലാസുകാരുടെ ഏപ്രിൽ ഒന്ന് മുതൽ 15 വരേയും നടക്കും. സിബിഎസ്ഇ പരീക്ഷകൾ മെയ് നാലിന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പരീക്ഷ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.