ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിൽ നിലവിലെ ട്രെന്റുകൾ കാണിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗം ഉടൻ ഉണ്ടായേക്കുമെന്നാണ്. അതുകൊണ്ട് ഓഫ്ലൈൻ ക്ലാസുകൾ പുനഃരാരംഭിച്ച് കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടില്ലെന്നും സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഡൽഹിയുടെ അയൽസംസ്ഥാനമായ ഹരിയാണയിൽ ഉൾപ്പെടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർക്ക് മാത്രമാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ രോഗവ്യാപനം അതിരൂക്ഷമായിരുന്ന ഡൽഹിയിൽ ഒരാൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 671 പേരാണ് നിലവിൽ ഡൽഹിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി 100ന് താഴെയാണ് ഡൽഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം.