ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തിയേറ്ററുകൾ തിങ്കളാഴ്ചയോടെ തുറക്കും. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇത്. സംസ്ഥാന ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതൽ ട്രെയിനുകളിലും ബസുകളിലും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. നിലവിൽ 50 ശതമാനം പേർക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് ബസും, മെട്രോയും സർവ്വീസുകൾ നടത്തുന്നത്.

കല്യാണങ്ങൾക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതിൽ നിന്നും നൂറാക്കി ഉയർത്തി. ജൂൺ 7-നാണ് കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ഡൽഹി മെട്രോ സർവ്വീസ് പുനരാരംഭിച്ചത്. തിങ്കളാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്പാകൾക്കും തുറക്കാം.

അതേസമയം 66 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ ഇന്ന് സ്ഥിരീകരിച്ചത്.