ന്യൂഡൽഹി: ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നതിൽ കടുത്ത ആശങ്ക. പനി ബാധിതരുടെ എണ്ണം ആയിരം കടന്നു. രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം ചേർന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഡെങ്കുവിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം ഏതെല്ലാം രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്രത്തിന് കഴിയുമെന്ന് യോഗത്തിൽ ചർച്ച ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി രൂക്ഷമായത്. ഒക്ടോബർ 18ന് ആദ്യമരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 1000 കടന്നു. ഡെങ്കിപ്പനി പടരുന്നത് തടയാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കി.