കോഴിക്കോട്: മുഖപത്രമായ ദേശാഭിമാനിയെ ഉപയോഗിച്ച് കേരളത്തിൽ വർഗീയ ധ്രുവീകരണ നീക്കമാണ് സിപിഎം നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആരോപിച്ചു.

മുസ്ലിം മത ചിഹ്നങ്ങളണിഞ്ഞ വ്യക്തി തോക്കേന്തി നിൽക്കുന്ന വികൃതമായ ചിത്രം വരച്ച് വെൽഫെയർ പാർട്ടി എന്നെഴുതിയ കാർട്ടൂൺ പ്രസിദ്ധീകരിക്കുക വഴി ഒരു സമുദായത്തെ അധിഷേപിക്കുക മാത്രമല്ല വളരെ കൃത്യമായി വർഗീയ ധ്രുവീകരണത്തിന് ആഹ്വാനം ചെയ്യുകയുമാണ് പാർട്ടി മുഖപത്രം ചെയ്തത്.

ഇന്ത്യയിലെ മുസ്ലിം സമുദായത്തിനെതിരെ സംഘ്പരിവാർ വ്യാജമായി ആരോപിക്കുന്ന വാദങ്ങളെ ബലപ്പെടുത്തുകയാണ് ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചവർ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. വെൽഫെയർ പാർട്ടി രാജ്യത്ത് മതനിരപേക്ഷ നിലപാടുയർത്തിപ്പിടിച്ച് സിപിഎമ്മുമായി പശ്ചിമ ബംഗാൾ അടക്കം വിവിധ സംസ്ഥാനങ്ങളിൽ സംഘ്പരിവാർ സർക്കാരിന്റെ കോർപ്പറേറ്റ്-വംശീയ നയങ്ങൾക്കെതിരെ സമരമുന്നണിയിൽ പങ്കാളിയാണ്.കേരളത്തിൽ മുപ്പത്തിയഞ്ചോളം തദ്ദേശ സ്ഥാപനങ്ങളിൽ വെൽഫെയർ പാർട്ടി കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യമായാണ് മത്സരിച്ചത്. കാലാവധി പൂർത്തിയാകുന്നതുവരെ അതാത് പഞ്ചായത്തുകളിൽ സഹകരണം തുടരുകയും ചെയ്തിരുന്നു.

അന്നൊന്നുമില്ലാത്ത എന്ത് വർഗീയതയാണ് വെൽഫെയർ പാർട്ടിയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സിപിഎമ്മും ദേശാഭിമാനിയും കാണുന്നത്. അഴിമതികളിലും സംഘ്പരിവാർ അനുകൂല പൊലീസ് നയങ്ങളിലും പെട്ട് ജനങ്ങളിൽ നിന്നകന്ന ഇടതു മുന്നണിയെ തെരെഞ്ഞെടുപ്പിൽ വർഗീയത പറഞ്ഞ് രക്ഷപ്പെടുത്താമെന്നാണ് കേരള സിപിഎം കരുതുന്നത്. കേരളത്തിൽ മുസ്ലിം ഭീകരതയുണ്ടെന്ന് വ്യാജമായി ചിത്രീകരിച്ച് മതേതര കേരളത്തെ വംശീയമായി വിഭജിക്കാനുള്ള നീക്കം സംഘ്പരിവാറിനാണ് വഴിയൊരുക്കുക.

മതേതര കേരളം ഈ കുത്സിത നീക്കത്തെ തിരിച്ചറിയണം. കേരളത്തിലെ സിപിഎം നടത്തുന്ന ഈ അപകടകരമായ കളിക്കെതിരെ സിപിഎം ദേശീയ നേതൃത്വം ഇടപെടണം. വെൽഫെയർ പാർട്ടിക്കെതിരെയും മത വർഗീയത വളർത്താനുമുള്ള സിപിഎം ക്രിമിനൽ നീക്കത്തിനെതിരെ പാർട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മറ്റ് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.