ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. കേസിൽ സിബിഐ അന്വേഷണം നടത്താമെന്ന മഹാരാഷ്ട്ര ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ അനിൽ ദേശ്മുഖും മഹാരാഷ്ട്ര സർക്കാരും നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി.

ദേശ്മുഖിന് എതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കമ്മിഷണർ, ആഭ്യന്തര മന്ത്രി എന്നിവർ ഉൾപ്പെട്ട കേസിൽ ആരോപണത്തിന്റെ സ്വഭാവം സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതാണെന്ന് ജസ്റ്റിസുമാരായ എസ് കെ കൗളും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇത് പ്രാഥമിക അന്വേഷണം മാത്രമാണ്. ഒരു മന്ത്രിക്ക് എതിരെ മുതിർന്ന ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും യാതൊരു തെളിവുകളുമില്ലെന്നും അനിൽ ദേശ്മുഖിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടിതിയിൽ അറിയിച്ചു.

ദേശ്മുഖിന് എതിരെ വാക്കാലുള്ള ആരോപണം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാതെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ദേശ്മുഖിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സുപ്രീം കോടതി ഇതു പരിഗണിച്ചില്ല. മഹാരാഷ്ട്ര സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകനായ എ.എം.സിങ്വിയാണ് ഹാജരായത്.

പൊലീസുകാരോട് നൂറുകോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടെന്ന കേസിൽ, സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചു.

ഹോട്ടലുകളിൽ നിന്നും ബാറുകളിൽ നിന്നും നൂറുകോടി പണപ്പിരിവ് നടത്താൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുംബൈ മുൻ പൊലീസ് മേധാവി പരംബീർ സിങ്ങാണ് പരാതി നൽകിയത്. 15 ദിവസത്തിനകം സിബിഐ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഞായറാഴ്ച, ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അനിൽ ദേശ്മുഖിന്റെ നിലപാട്. എന്നാൽ എൻസിപി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം ധാർമ്മികത ഉയർത്തിയാണ് മന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചത്. . ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവാണ് അനിൽ ദേശ്മുഖ്.