തിരുവനന്തപുരം: ഇടതു സർക്കാറിനെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത് പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരെ സർക്കാർ കൈക്കൊണ്ട നിലപാടുകളായിരുന്നു. അന്ന് ന്യൂനപക്ഷത്തിന് ഒപ്പമെന്ന നിലപാട് സ്വീകരിച്ചു കൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ പ്രമേയം വരെ നിയമസഭയിൽ പാസാക്കിയിരുന്നു. കൂടാതെ സർക്കാർ തലത്തിൽ രുതൽ തടവുകേന്ദ്രങ്ങൾ (ഡിറ്റൻഷൻ സെന്റർ) സ്ഥാപിക്കാനുള്ള നീക്കം ഉണ്ടാകില്ലെന്നും സർക്കാർ ആവർത്തിച്ചിരുന്നു. എന്നാൽ, അന്ന് നൽകിയ ഉറപ്പുകളെല്ലാം സംസ്ഥാന സർക്കാർ ഇപ്പോൾ മറന്നിരിക്കയാണ്.

സംസ്ഥാനത്തു കരുതൽ തടവുകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നീക്കം വിവാദമായിട്ടും നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്. കരുതൽ തടവുകേന്ദ്രം നിർമ്മിക്കാൻ സന്നദ്ധരായി 3 പേർ സാമൂഹിക നീതി വകുപ്പിനെ സമീപിച്ചിരുന്നു. ഈ അപേക്ഷകൾ സർക്കാർ തീരുമാനത്തിനു വിട്ടു. ആഭ്യന്തര സെക്രട്ടറിയെ ഇക്കാര്യം ധരിപ്പിച്ചതായുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സംസ്ഥാനത്തു കരുതൽ തടവുകേന്ദ്രങ്ങൾ നിർമ്മിക്കില്ലെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു കഴിഞ്ഞ വർഷം ഫെബ്രുവരി 11നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഈ വാക്കും പാഴാകുന്നു എന്ന സൂചനയാണ് ഇപ്പോഴത്തെ നടപടികളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ വാക്കു നിലനിൽക്കേ തന്നെയാണ് മറുവശത്തു സാമൂഹിക നീതി വകുപ്പ് ഇതിനായി താൽപര്യപത്രം ക്ഷണിച്ചുകൊണ്ടിരിക്കുന്നത്.

മുൻപു രണ്ടു തവണ താൽപര്യപത്രം ക്ഷണിച്ചെങ്കിലും ആരും അപേക്ഷിച്ചില്ല. ജൂണിൽ മൂന്നാമതും വിജ്ഞാപനം നൽകിയപ്പോഴാണു 3 പേർ മുന്നോട്ടു വന്നത്. തിരുവനന്തപുരം അല്ലെങ്കിൽ തൃശൂർ ജില്ലയിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ, 10 പേർക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന കരുതൽ തടവുകേന്ദ്രം സ്ഥാപിക്കാനാണു സാമൂഹിക നീതി വകുപ്പിന്റെ നീക്കം. നിലവിൽ തൃശൂർ നഗരത്തിലെ വാടകക്കെട്ടിടത്തിൽ പൊലീസ് നിയന്ത്രണത്തിൽ സാമൂഹികനീതി വകുപ്പിന്റെ കരുതൽ തടവുകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നിന്നും വിപുലമായ കേന്ദ്രം നിർമ്മിക്കുകയാണ് സർക്കാർ.

കേന്ദ്ര മാനദണ്ഡങ്ങളോടെ കരുതൽ തടവുകേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണു തൃശൂരിൽ വീട് വാടകയ്‌ക്കെടുത്തു കേന്ദ്രം സ്ഥാപിച്ചത്. വിയ്യൂർ ജയിലിൽ ശിക്ഷ പൂർത്തിയാക്കിയ 2 നൈജീരിയക്കാർ ഉൾപ്പെടെ 3 പേരെ ഇവിടേക്കു മാറ്റി. അന്ന് കേന്ദ്രസർക്കാർ നിർദ്ദേശം വന്നപ്പോൾ അതിനെ എതിർക്കുന്ന നിലപാടിലായിരുന്നു സർക്കാർ.

രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന വിദേശികളെയും പാസ്‌പോർട്ട്/വീസ കാലാവധി തീർന്ന ശേഷം തുടരുന്നവരെയും അവർ രാജ്യം വിടുന്നതു വരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതാണു കരുതൽ തടവുകേന്ദ്രങ്ങൾ. ശിക്ഷാ കാലാവധി പൂർത്തിയാക്കി സ്വന്തം രാജ്യത്തേക്കു മടങ്ങാനുള്ള നിയമ നടപടികൾക്കായി കാത്തിരിക്കുന്ന വിദേശികളെയും പാർപ്പിക്കും. ഇവ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ 2012 ഓഗസ്റ്റിലാണു സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്കു കത്തയച്ചത്. തുടർന്നു യുഡിഎഫ് സർക്കാർ ആരംഭിച്ച നടപടികൾ വിവാദമായിരുന്നു. പിന്നീട് പൗരത്വ ഭേദഗതി വിഷയം ആളിക്കത്തി നിന്ന വേളയിലാണ് കരുതൽ തടവു കേന്ദ്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.