തിരുവനന്തപുരം: ലോകത്തിലെ പത്ത് മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ മോഹൻലാൽ ഇല്ല എന്ന വിവാദ പരാമശത്തിൽ വിശദീകരണവുമായി നടൻ ദേവൻ. തന്റെ അഭിപ്രായങ്ങളെ പാതിവഴിയിൽ വച്ച് നിർത്തി അനാവശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നു ചാനലും അവതാരകനും ചെയ്തതെന്ന് ദേവൻ പറഞ്ഞു. കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദേവൻ പ്രതികരണവുമായി രംഗത്ത് വന്നത്.ദേവന്റെ പ്രതികരണം ഇങ്ങനെ..'ലോകസിനിമയുടെ ഏറ്റവും നല്ല പത്ത് നടന്മാരെടുത്താൽ അതിലൊരാൾ മമ്മൂട്ടിയാണെന്ന് പറഞ്ഞു. അപ്പോൾ ചോദ്യ കർത്താവ് മോഹൻലാലോ എന്ന് ചോദിച്ചു. മോഹൻലാൽ.. ആ ലെവൽ വേറെയാണെന്ന് പറഞ്ഞു. അവർ അവിടെ സ്റ്റോപ്പ് ചെയ്തു. ഞാൻ ഉദ്ദേശിച്ചത് എന്താണെന്നുവച്ചാൽ ഇപ്പോൾ നമ്മൾ രജനികാന്തിനെ എടുത്താൽ ആരോടെങ്കിലും താരതമ്യം ചെയ്യാൻ പറ്റുമോ.. അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി, രാജമൗലിയെന്ന ആ സംവിധായകനെ താരതമ്യം ചെയ്യാൻ പറ്റുമോ. മോഹൻലാൽ എന്ന നടന്റെ കാര്യം അതുപോലെയാണ്. അദ്ദേഹത്തിന്റെ ഭാവചലനങ്ങളും, ഫ്‌ളക്‌സിബിളിറ്റിയും, ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവും, ഇതൊന്നും താരതമ്യം ചെയ്യാൻ പറ്റില്ല.അത് പറയാൻ സമ്മതിച്ചില്ല. ഈ പത്ത് നടന്മാരേക്കാളും മുകളിൽ നിൽക്കുന്നയാളാണെന്ന് പറയാൻ സമ്മതിച്ചില്ല. അനാവശ്യ വിവാദമാണ്.'- ദേവൻ പറഞ്ഞു.

ലോകത്തിലെ മികച്ച പത്ത് നടന്മാരെടുത്താൽ അതിലൊരാൾ മമ്മൂട്ടിയാണെന്നായിരുന്നു അടുത്തിടെ നടൻ ദേവൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.എന്നാൽ മോഹൻലാൽ ആ ലിസ്റ്റിൽ വരില്ലെന്നും മമ്മൂട്ടിയുടെ ലെവലിൽ മോഹൻലാലുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നുംമമ്മൂട്ടിയാണോ മോഹൻലാൽ ആണോ നല്ല നടനെന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണെന്നുമായിരുന്നു ദേവന്റെ പ്രതികരണം.

മാത്രമല്ല താൻ പെർഫോം ചെയ്യുന്നത് കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും ടെൻഷൻ ആകാറുണ്ടെന്നും, ഇക്കാര്യം മമ്മൂട്ടിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തിൽ ദേവൻ വെളിപ്പെടുത്തിയിരുന്നു. തന്നെ എതിർക്കുന്ന ഒരു വില്ലൻ അപ്പുറത്ത് വന്നാൽ ഫാൻസിന് അത് ഇഷ്ടപ്പെടില്ല എന്ന തെറ്റിദ്ധാരണയാണ് സൂപ്പർ സ്റ്റാറുകൾക്ക്. കലാപരമായ വിജയങ്ങളല്ല താരങ്ങൾ നോക്കുന്നതെന്നും ദേവൻ അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.