തിരുവനന്തപുരം: ബഹുമാന്യ ബിജെപി നേതാക്കന്മാരെ, ഞാൻ കോവിഡ് ബാധിച്ച് ന്യുമോണിയ ആയി ഓക്സിജൻ ലെവൽ താഴ്ന്ന് ആശുപത്രിയിലാണ്. ആരുടെയും ഔദാര്യം വേണ്ട, കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്. കൗൺസിലറെ വിളിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു. വർക്ക് ഓർഡർ പറഞ്ഞ പ്രവർത്തകരും മിണ്ടുന്നില്ല. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാശ് തന്നില്ലെന്ന് ആരോപിച്ച് മൈക്ക് സെറ്റ് ഉടമ-ഹോസ്പിറ്റലിൽ നിന്ന് പുറത്തെത്തിയ വാട്സാപ്പ് സന്ദേശം ആയിരുന്നു ഇത്. ഏതായാലും ഈ വാടസ്പ്പ് സന്ദേശം ഫലം കണ്ടു.

കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പൂജപ്പുര വാർഡിലെ പ്രചരണത്തിന്റെ പണം നൽകാതെ നേതാക്കൾ കയ്യൊഴിയുന്നുവെന്ന് ആരോപിച്ച് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ വാട്സാപ്പ് ഗ്രൂപ്പിലിട്ട മെസേജിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പൂജപ്പുര ദേവൂസൗണ്ട്സ് ഉടമ ബിജുവാണ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ വിമർശനവുമായി ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് മൽസരിച്ചതിനെ തുടർന്ന് ശ്രദ്ധിക്കപ്പെട്ട വാർഡായിരുന്നു പൂജപ്പുര.

വിവി രാജേഷിനേയും നിവർത്തിയില്ലാതെ ബിജു കാര്യങ്ങൾ അറിയിച്ചിരുന്നു. ഇതോടെ തന്നെ ഈ വിഷയത്തിൽ ജില്ലാ നേതൃത്വം ഇടപെട്ടു. രാജേഷാണ് പൂജപ്പുരയിൽ മത്സരിച്ചതെങ്കിലും കാര്യങ്ങൾ നീക്കിയത് പ്രാദേശിക നേതൃത്വമായിരുന്നു. ബിജുവിന്റെ പരാതിയിൽ കാര്യമുണ്ടെന്ന് മനസ്സിലാക്കി പണം നൽകാൻ രാജേഷ് നിർദ്ദേശിച്ചു കഴിഞ്ഞു.

എന്നാൽ ആരെയും അവഹേളിക്കാനല്ല, രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ നൽകാനുള്ള പണം പോലും ഇല്ലാത്ത അവസ്ഥ വന്നപ്പോഴാണ് ഗ്രൂപ്പിൽ മെസേജ് ഇട്ടതെന്നും അത് പുറത്തുവിട്ടത് ആരാണെന്ന് അറിയില്ലെന്നും ബിജുവിന്റെ ഭാര്യ മറുനാടനോട് പറഞ്ഞു. ബിജെപി നേതാക്കൾ വിളിച്ച് പണം ഉടൻ നൽകാമെന്ന് അറിയിച്ചതായും അവർ പറഞ്ഞു. ഓക്സിജൻ ലെവൽ താഴ്ന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ബിജു. ബിജെപി നേതാക്കളുടെ ഗ്രൂപ്പിൽ എത്തിയ മെസേജാണ് വൈറലായത്.

താൻ കോവിഡ് ബാധിച്ച് ന്യുമോണിയ ആയി ഓക്സിജൻ ലെവൽ താഴ്ന്ന് ഒരുമാസമായി പിആർഎസ് ആശുപത്രിയിലാണെന്ന് ബിജു പറയുന്നു. ശ്വാസകോശവും പ്രശ്നത്തിലാണ്. ഇനിയും ഒന്നുരണ്ടു മാസം ഓക്സിജൻ സപ്പോർട്ട് കൂടിയേ കഴിയാൻ പറ്റു. ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്. ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻപ് നടന്ന കോർപ്പറഷൻ ഇലക്ഷന് ബിജെപി പൂജപ്പുര വാർഡ് കമ്മറ്റിക്കായി പ്രചരണം, ലൈറ്റ് എന്നിവ ചെയ്ത വകയിൽ തനിക്ക് അറുപത്തി എട്ടായിരം രൂപ കിട്ടാനുണ്ട്-ഇതായിരുന്നു ബിജുവിന്റെ പരാതി.

ജില്ലാപ്രസിഡന്റ് കൂടിയായ കൗൺസിലറിനെ വിളിച്ചപ്പോൾ ഇതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ ആയി മെസ്സേജ് ഇട്ടപ്പോഴും മറുപടി തന്നില്ല. വർക്ക് ഓർഡർ പറഞ്ഞ പ്രവർത്തകരും മിണ്ടുന്നില്ല. ആരുടെയും ഔദാര്യം വേണ്ട ഞാനും എന്റെ പ്രവർത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നതെന്ന് ബിജു പറയുന്നു. ഈ സന്ദേശം വൈറലായതിന് ശേഷമാണ് ബിജെപി ഇടപെടൽ നടത്തിയത്. സംഭവത്തിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയാണ് പണം നൽകുന്നത്.