ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാകളക്ടർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കും. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ബിജെപിയെ കൂടി പങ്കെടുപ്പിക്കാൻ വേണ്ടിയാണ് യോഗം നാളേക്ക് മാറ്റിവെച്ചിരിക്കുന്നത്.

രഞ്ജിത്തിന്റെ മൃതദേഹത്തോട് ജില്ലാഭരണ കൂടം അനാദരവ് കാണിച്ചിട്ടില്ലെന്ന് ജില്ലാകളക്ടർ എ അലക്‌സാണ്ടർ പ്രതികരിച്ചു. ബിജെപിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് സർവകക്ഷിയോഗ സമയം വൈകിട്ടത്തേക്ക് മാറ്റാൻ പോലും തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഞ്ജിത്തിന്റെ സംസ്‌ക്കാരച്ചടങ്ങുകൾ നടക്കുന്ന സമയത്താണ് യോഗം എന്നതിനാൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാൻ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയിൽ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സർവകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു.

ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്മാർഥതയില്ലെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ കുറ്റപ്പെടുത്തി. അതേസമയം അഭിഭാഷകൻ കൂടിയായ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ബാറിലെ അഭിഭാഷകർ ഇന്ന് കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കും. പ്രതികളുടെ വക്കാലത്ത് എടുക്കില്ലെന്നും അസോസിയേഷൻ എക്‌സിക്യൂട്ടീവ് അറിയിച്ചു.

പൊലീസ് നിരീക്ഷണം ശക്തമാക്കും

ആലപ്പുഴയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തേയ്ക്ക് റാലികൾക്കും മൈക്ക് അനൗൺസ്മെന്റിനും നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. അവധിയിൽ പോയിരിക്കുന്ന പൊലീസുകാരോട് ഉടൻ തന്നെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവരാനും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലിന്റെ ഭാഗമായാണ് റാലികൾക്കും മൈക്ക് അനൗൺസ്മെന്റിനും പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

പ്രകോപനപരമായ പ്രസംഗങ്ങൾ ഉണ്ടാവുകയും അത് ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്. പൊതുസമ്മേളനങ്ങൾക്കും മറ്റുമായി അനുമതി തേടി പൊലീസിനെയാണ് സമീപിക്കേണ്ടത്. അപേക്ഷകൾ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

അവധിയിലുള്ള പൊലീസുകാർ ഉടൻ ഡ്യൂട്ടിയിൽ തിരിച്ചെത്തണം. എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസിൽ ഉണ്ടായിരിക്കണം. നിരീക്ഷണം ശക്തമാക്കണം. ക്രിമിനലുകളെ പ്രത്യേകം ശ്രദ്ധിക്കണം. വാഹനപരിശോധനയും അതിർത്തിയിലെ പരിശോധനയും കർശനമാക്കണമെന്നും സർക്കുലറിൽ പറയുന്നു.