കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ ധർമജൻ ബോൾഗാട്ടിയെ കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ധർമജനോട് ആശയവിനിയം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ചർച്ച നടന്നിട്ടില്ലെന്നും ധർമ്മജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഇടതിന് വേണ്ടി കളത്തിലിറങ്ങിയ പുരുഷൻ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. തുടർച്ചയായി രണ്ടു തവണ ജയിച്ച പുരുഷൻ കടലുണ്ടിക്ക് ഇത്തവണ മാറി നിൽക്കേണ്ടി വരുമെന്നാണ് സൂചന. മുസ്ലിംലീഗിലെ യുസി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെക്കുമെന്ന് റിപ്പോർട്ടുണ്ട്. ബാലുശ്ശേരിക്ക് പകരം ജില്ലയിൽ മറ്റൊരു സീറ്റ് ലീഗിന് നൽകും.

നേരത്തെ വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ നടൻ ധർമജൻ ബോൾഗാട്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നു വന്നിരുന്നു. ചെറുപ്പം മുതൽ കെ.എസ്.യു കോൺഗ്രസ് അനുഭാവിയാണ് ധർമജൻ. മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ആലോചനകൾ നടന്നിട്ടില്ലെന്നായിരുന്നു ധർമജന്റെ ആദ്യ പ്രതികരണം. എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സിയും കെപിസിസിയുമാണെന്നാണ് ധർമജൻ പ്രതികരിച്ചത്.

പുതുമുഖങ്ങളെ പരിഗണിക്കുന്നു എന്നതും താൻ മണ്ഡലത്തിൽ തന്നെ താമസിക്കുന്നു എന്നതും പരിഗണിച്ചായിരിക്കും താൻ സ്ഥാനാർത്ഥിയാവും എന്നതരത്തിൽ പ്രചാരണമുണ്ടായത്. പാർട്ടി സ്ഥാനാർത്ഥിയാവാൻ ക്ഷണിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വരട്ടെ, അപ്പോൾ കാണാമെന്നായിരുന്നു ധർമജൻ അന്ന് പറഞ്ഞത്.

ആറാംക്ലാസുമുതൽ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിക്കുവേണ്ടി സമരം ചെയ്തും പ്രവർത്തനങ്ങൾ നടത്തിയും ജയിൽവാസം പോലും അനുഭവിച്ചിട്ടുണ്ട്. അടിമുടി രാഷ്ട്രീയക്കാരനായ താൻ ഇനി രാഷ്ട്രീയത്തിലേക്ക് പ്രത്യേകിച്ച് ഇറങ്ങേണ്ടതില്ല. ധർമജൻ വ്യക്തമാക്കിയിരുന്നു.