തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗികൾ ക്രമാതീതമായി വർധിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അഭിപ്രായ ഐക്യത്തിലെത്താനാകാതെ മുഖ്യമന്ത്രിയും ആരോ​ഗ്യ വകുപ്പും. രോ​ഗനിർണയ മാർ​ഗങ്ങളിലാണ് മുഖ്യമന്ത്രിയുടെ നിർ​ദ്ദേശം തള്ളി ആരോ​ഗ്യ വകുപ്പ് നിലപാടെടുത്തത്. കോവിഡ് രോ​ഗ നിർണയത്തിന് ആർടിപിസിആർ പരിശോധന വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി പറയുമ്പോൾ ആന്റിജൻ പരിശോധന മതിയെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. ആർടിപിസിആർ ചെലവേറിയതും റിസൽട്ട് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നു എന്നതുമാണ് ആരോ​ഗ്യ വകുപ്പ് ആന്റിജൻ പരിശോധന മതിയെന്ന നിലപാടെടുക്കുന്നത്.

ആന്റിജൻ പരിശോധനയ്ക്കു കൃത്യത കുറവാണെന്ന് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരുടെ സംഘടനകളും അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധനയിൽ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പ്രതിദിനം ഒരു ലക്ഷം പേരെ പരിശോധിക്കുമെന്നും ഇതിൽ 75% പേരെയും ആർടിപിസിആറിനു വിധേയമാക്കുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ആരോഗ്യവകുപ്പ് പുറത്തിറക്കിയ അവലോകന റിപ്പോർട്ടിലാണ് ആന്റിജനാണു മെച്ചമെന്ന് അഭിപ്രായപ്പെടുന്നത്.

ആർടിപിസിആർ പരിശോധന ചെലവേറിയതാണെന്നു മാത്രമല്ല ഫലം അറിയാൻ കൂടുതൽ സമയവും വേണം. രോഗം വന്നു മാറിയവരിൽ ആർടിപിസിആർ പരിശോധന നടത്തിയാൽ 42 ദിവസം വരെ പോസിറ്റീവായി കാണിക്കും. അതിനാൽ പനി ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കു മാത്രം ആർടിപിസിആർ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

ആർടിപിസിആർ പരിശോധന ആനുപാതികമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കേരളം അടക്കം 14 സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം കത്തു നൽകിയിരുന്നു. എന്നാൽ കേരളത്തിൽ ആനുപാതിക വർധനയുണ്ടായില്ല. ആന്റിജൻ പരിശോധനയ്ക്ക് അനുമതി നൽകിയതിനു പിന്നാലെ പല സംസ്ഥാനങ്ങളും ആർടിപിസിആർ പൂർണമായി ഒഴിവാക്കുന്ന സാഹചര്യമുണ്ടായി. തമിഴ്‌നാട് മാത്രമാണ് 100% ആർടിപിസിആർ പരിശോധന നടത്തിയത്. തുടക്കത്തിൽ കോവിഡ് കാര്യമായി നിന്നിരുന്ന ഇവിടെ പിന്നീട‌ു സ്ഥിതി മെച്ചപ്പെട്ടത് ആർടിപിസിആർ പരിശോധന കൈവിടാതിരുന്നതു കൊണ്ടാണെന്ന് കേന്ദ്രം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.