ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ, ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370 ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി പുനഃ പരിശോധിക്കുമെന്ന് പ്രസ്താവനയാണ് വിവാദമായത്. ഒരുപാക്കിസ്ഥാനി ജേണലിസ്റ്റിനോട് സംസാരിക്കവേയാണ് മധ്യപ്രദേശ് മുന്മുഖ്യമന്ത്രിയുടെ വിവാദപരാമർശം.

ക്ലബ്ഹൗസിൽ നടന്ന ചർച്ചയ്ക്കിടൊണ് ദിഗ്‌വിജയ് സിങ് വെടിപൊട്ടിച്ചത്. നേതാക്കളെ ഉൾപ്പെടെ തടങ്കലിലാക്കി ജനാധിപത്യ വിരുദ്ധമായാണ് കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതെന്ന് അദ്ദേഹം ചർച്ചയിൽ പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയത് വിഷമം ഉളവാക്കുന്നതാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇതു പുനഃപരിശോധിക്കുന്നതു പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ,ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കശ്്മീരിൽ വിഘടനവാദത്തിന് വിത്ത് പാകുകയും താഴ് വരയിലെ പാക്കിസ്ഥാന്റെ കുത്സിതശ്രമങ്ങൾക്ക് ചൂട്ടുപിടിക്കുകയും ചെയ്ത കോൺഗ്രസിന്റെ മനസ്സിരുപ്പാണ് വ്യക്തമായതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു. ബിജെപി സോഷ്യൽ മീഡിയ മേധാവിയായ അമിത് മാളവ്യ പോസ്റ്റ് ചെയ്ത ചാറ്റ് അടങ്ങിയ ക്ലിപ്പും അദ്ദേഹം ഷെയർ ചെയ്തു.

കോൺഗ്രസിന്റെ പേര് ഐഎൻസി എന്നതിൽനിന്ന് എഎൻസി (ആന്റി നാഷനൽ ക്ലബ്ഹൗസ്) എന്നാക്കി മാറ്റണമെന്നായിരുന്നു ബിജെപി ദേശീയ വക്താവ് സാംബിത് പത്രയുടെ വിമർശനം. കശ്മീരിലേക്ക് വിഘടനവാദികളെ തിരിച്ചുകൊണ്ടുവരുന്നതാണോ കോൺഗ്രസ് പുനഃപരിശോധിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സിങ് ചോദിച്ചു.

വിമർശനങ്ങൾക്കു മറുപടിയുമായി ദിഗ്‌വിജയ് സിങ്ങും രംഗത്തെത്തി. ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും മോദിഷാ ഭരണകൂടത്തെ പുറത്താക്കാൻ ഓരോ ഇഞ്ചിലും പോരാടുമെന്ന് ദിഗ്‌വിജയ് സിങ് ഹിന്ദിയിലുള്ള ട്വീറ്റിൽ പറഞ്ഞു. നാഷനൽ കോൺഫ്രൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ദിഗ്‌വിജയ് സിങ്ങിനെ അനുകൂലിച്ച് രംഗത്തുവന്നു. കശ്മീരിലെ ജനങ്ങളുടെ വികാരം ദിഗ്‌വിജയ് സിങ്ങിന് മനസ്സിലായെന്നും കേന്ദ്രസർക്കാർ നടപടി പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് കേന്ദ്രം റദ്ദാക്കിയത്. പാർലമെന്റിൽ അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെ ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുകയായിരുന്നു. ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതായിരുന്നു 370ാം വകുപ്പ്. 1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യമുയർത്തി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.