കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി ഉണ്ടായേക്കും. ഒരു മുൻകൂർ ജാമ്യാപേക്ഷ തുടർച്ചയായി മാറ്റിവെക്കുന്നത് പതിവാകുമ്പോൾ വിമർശനം ശക്തമാകുന്നുുണ്ട്. ഇതിനിടെ ഇന്ന് ഹൈക്കോടതിയിൽ ദിലീപ് സമർപ്പിച്ച ഫോണിനെ ചൊല്ലിയും കേസിനെ ചൊല്ലിയും ഇന്നും തർക്കങ്ങൾ ഉണ്ടായി. സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് പോലും ദിലീപിന്റെ അഭിഭാഷകൻ പറയുകയുണ്ടായി.

ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഇന്നത്തെ വാദത്തിന് ശേഷം നാളെ ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം എന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസുമായി ദിലീപ് നിസ്സഹകരണം തുടരുകയാണെന്ന് ആവർത്തിക്കുകയാണ് ദിലീപ് ചെയ്തത്. പ്രതി വിഐപിയാണോ എന്ന് പ്രോസിക്യൂഷൻ ചോദിച്ചു.

കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോണുകൾ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. കോടതി നിർദേശത്തിന്റെ മറവിൽ ദിലീപ് കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. നൽകാൻ സമ്മതിച്ച ഫോൺ പോലും കോടതിയിൽ എത്തിച്ചില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഫോണുകൾ മുംബൈയിലേക്ക് അയച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാനാണ്. ഫോണിന്റെ വിവരങ്ങൾ തന്നത് പ്രതിയല്ല. ഫോൺ വിവരങ്ങൾ സിഡിആർ, ഐഎംഇ രേഖകൾ വെച്ച് അന്വേഷണ സംഘം കണ്ടുപിടിച്ചതാണ്. ദിലീപ് ഫോണുകൾ മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

അതേസമയം നടക്കുന്നത് മാധ്യമ വിചാരണയാണ് എന്ന വാദമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള ഉന്നയിച്ചത്. മറ്റൊരു കാലപാതക കേസിൽ പോലും ദിലീപിനെ പ്രതി ചേർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അഡ്വ. രാമൻപിള്ള വാദിച്ചു. ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഒത്തു കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫോണുകൾ കൈമാറുന്നതിനെയും ദിലീപിന്റെ അഭിഭാഷാകൻ എതിർത്തു. ഫോണുകൾ കേരളത്തിലെ ലാബിൽ പരിശോധിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇതോടെ ഫോൺ ഇന്നും കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനിച്ചത്. ഫോൺ ഉടനെ കിട്ടണമെന്നാണ് പ്രോസിക്യൂഷൻ കൈക്കൊണ്ട നിലപാട്.

കോടതി ആവശ്യപ്പെട്ടത് പ്രകാരമുള്ള ആറ് ഫോണുകൾ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ദിലീപിന്റെ മൂന്ന് മൊബൈൽ ഫോണും സഹോദരൻ അനൂപിന്റെ രണ്ട് ഫോണും സഹോദരീഭർത്താവ് സൂരജിന്റെ ഒരു ഫോണും തിങ്കളാഴ്ച 10.15-നുമുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ ഹാജരാക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയിലാണ് ആറ് ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

പ്രോസിക്യൂഷൻ എഴുതി നൽകിയതിലെ 2,3,4 ക്രമനമ്പറുകളിലെ ഫോണുകളാണ് കൈമാറിയത് ഒന്നാം നമ്പറിൽ പറയുന്ന നാലാമത്തെ ഐ ഫോൺ ഏതാണെന്ന് തനിക്കറിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും. ഇന്നത്തെ വാദത്തിന് ശേഷം നാളെ ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.