കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനെത്തിയ ബംഗാൾ ബിജെപി മുൻ അധ്യക്ഷനും പാർട്ടി ദേശീയ വൈസ് പ്രസിഡന്റുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. തൃണമൂലുകാർ തന്നെ വളഞ്ഞിട്ട് തല്ലിയെന്നും ആക്രോശിച്ചെന്നും ദിലീപ് ഘോഷ് പറഞ്ഞു. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ദിലീപ് ഘോഷിന്റെ സുരക്ഷാ ജീവനക്കാർ തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭവാനിപൂരിലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. രാവിലെ മുതൽ നേരിട്ടുള്ള പ്രചാരണത്തിനിറങ്ങിയതായിരുന്നു ദിലീപ് ഘോഷ്. അക്രമസംഭവങ്ങളെ തുടർന്ന് പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കി. മറ്റൊരു സംഘർഷത്തിൽ ജാദു ബാബുർ ബസാറിൽ ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റു.

സെപ്റ്റംബർ 30നാണ് ഉപതെരഞ്ഞെടുപ്പ്. ഒക്‌ടോബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസ്ഥാനത്തെത്തുമ്പോൾ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം. ഇതോടെ മമതക്കായി ഭവാനിപൂരിലെ തൃണമൂൽ എംഎ‍ൽഎ രാജിവെക്കുകയായിരുന്നു.