ആലുവ: ഗാർഹീക പീഡനത്തെത്തുർന്നുള്ള ആത്മഹത്യകൾ പെരുകി വരികയാണ്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് നിമയ വിദ്യാർത്ഥി മോഫിയ പർവീണിന്റെ ആത്മഹത്യ. മകളുടെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ മോഫയയുടെ രക്ഷിതാക്കൾക്ക് കഴിഞ്ഞിട്ടില്ല.മകളുടെ മരണത്തെത്തുടർന്ന് പിതാവ് ദിൽഷാദ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായനക്കാരിൽ നൊമ്പരമാവുകയാണ്. എന്റെ മകൾ തനിച്ചാണ്.. ഞാനും പോകും മകൾക്കൊപ്പം എന്നാണ് ദിൽഷാദ് കുറിപ്പിൽ പറയുന്നത്.

കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

'എന്റെ മോൾ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോൾക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്കു സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവൻ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം'. ദിൽഷാദ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഐ.പി.സി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ ഡി.വൈ.എസ്‌പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പ്രതികൾ കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.ബുധനാഴ്‌ച്ച പുലർച്ചെയാണ് സുഹൈലും കുടുംബവും പൊലീസിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഫിയയുടെ ആത്മഹത്യ സംബന്ധിച്ച വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോർട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദ്ദേശം.

പൊലീസിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ ആലുവയിൽ പെൺകുട്ടിയുടെ ആത്മഹത്യയിൽ സംഭവ സ്ഥലം നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ അടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്തയോട് ഡി ജി പി ആവശ്യപ്പെട്ടിട്ടുണ്ട്.