തിരുവനന്തപുരം: അന്തരിച്ച നടി സിൽക്ക് സ്മിതയുടെ അറുപതാം ജന്മദിനത്തിൽ ഈ നടിയുമൊത്തുള്ള അനുഭവങ്ങൾ ഓർത്തെടുക്കയാണ് പ്രശസ്ത സംവിധായകൻ ഭദ്രൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് രസകരമായ അനുഭവങ്ങൾ ഭദ്രൻ തുറന്നു പറഞ്ഞത്.സിൽക്കിന്റെ സ്വഭാവത്തിന് അഭിനയിക്കുന്ന കഥാപാത്രവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് ഭദ്രൻ പറയുന്നത്. 'സിൽക്ക് യാതൊരു ബഹളവുമില്ലാത്ത അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു. കൃത്യമായി ഷൂട്ടിന് വരുമായിരുന്നു. ഷോട്ട് കഴിഞ്ഞാൽ എവിടെയെങ്കിലും മാറിയിരിക്കും', ഭദ്രൻ പറയുന്നു.

സ്ഫടികത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേദിവസം സിൽക്ക് സ്മിതയുടെ കോസ്റ്റ്യൂമർ നടിക്ക് ധരിക്കേണ്ട വസ്ത്രവുമായി തന്റെ മുറിയിൽ വന്നപ്പോൾ ഞെട്ടിപ്പോയെന്നും ലൈലക്ക് ഒട്ടും ചേരാത്ത വസ്ത്രമായിരുന്നു അതെന്നുമാണ് സംവിധായകൻ പറയുന്നത്. സ്ഫടികത്തിലെ സിൽക്കിന്റെ കഥാപാത്രമായ ലൈലക്ക് വേണ്ടി താൻ മനസ്സിൽ കണ്ടത് ചെമ്മീനിലെ ഷീലാമ്മ ധരിച്ച പോലുള്ള വസ്ത്രമായിരുന്നെന്നും എന്നാൽ കൈലി പോലെ എന്തോ ഒന്നിൽ വള്ളികൾ തൂങ്ങിക്കിടക്കുന്ന പോലത്തെ വസ്ത്രമാണ് കോസ്റ്റ്യൂമർ കൊണ്ടുവന്നതെന്നും ഭദ്രൻ പറഞ്ഞു.

ഞാൻ ഉദ്ദേശിച്ചത് ഈ വസ്ത്രമല്ലെന്ന് സ്മിതയോട് പറഞ്ഞപ്പോൾ ഡോണ്ട് വറി സർ, ഇറ്റ് വിൽബി റെഡി സൂൺ എന്നാണ് സ്മിത പറഞ്ഞത്. കുറച്ച് സമയങ്ങൾക്കകം കോസ്റ്റ്യൂമർ എന്റെ മുറിയിൽ വന്ന് സ്മിത റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു. സാക്ഷാൽ കറുത്തമ്മയെപ്പോലെ കൈലിയും മുണ്ടുമുടുത്ത് സ്മിത നിൽക്കുന്നു, ഭദ്രൻ പറഞ്ഞു.

പിന്നീട് സിൽക്ക് പൂർണ്ണമായും തന്റെ കഥാപാത്രമായി മാറുകയായിരുന്നുവെന്നും ഭദ്രൻ കൂട്ടിച്ചേർത്തു. സിൽക്ക് എല്ലാവരോടും നന്നായി പെരുമാറുന്ന ഒരാളായിരുന്നുവെന്നും സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് സിൽക്കുമായി സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്തതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും അനുഭവങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ ഭദ്രൻ ചൂണ്ടിക്കാട്ടുന്നു.