തിരുവനന്തപുരം: കോവിഡ് ചികിൽസയിൽ ഹോമിയോപ്പതി കൂടി ഉൾപ്പെടുത്തണമെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് കേരള സർക്കാരിന്റെ പ്രവർത്തനം. ഒരു വിഭാഗം അലോപ്പതി ലോബികൾ ഹൈജാക്ക് ചെയ്ത ആരോഗ്യവകപ്പ് ഹോമിയോ അടക്കമുള്ള ബദൽ ചികിൽസാസങ്കേതങ്ങളെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല. കോവിഡിനെ നേരിടാൻ ഹോമിയോപ്പതി ചികിൽസ കൂടി ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം 2020 മാർച്ച് മുതൽ നിലവിലുണ്ട്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതംഗീകരിച്ചിട്ടും കേരളത്തിന് മാത്രമാണ് ഹോമിയോപ്പതിയോട് അയിത്തമുള്ളത് .

കോവിഡ് ചികിൽസയിൽ നിന്നും ഹോമിയോപ്പതിയെ അകറ്റി നിർത്തുന്ന സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ ഹൈക്കോടതി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ അംഗീകൃത ഹോമിയോ ഡോക്ടർമാർ നൽകുന്നത് തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. മരുന്നു നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടർ ജയപ്രസാദിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഐഎംഎയുടെ വാക്ക് കേട്ട് ഹോമിയോപ്പതിയെ അടിച്ചമർത്തുന്നു

ഹോമിയോപ്പതിയിൽ അന്നും ഇന്നും രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചികിൽസയും പ്രതിരോധവും നിശ്ചയിക്കുന്നത്. 1820-ൽ ലോകവ്യാപകമായുണ്ടായ സ്‌കാർലെറ്റ് ഫീവർ മുതൽ 2017-ലെ കേരളത്തിലെ ഡെങ്കു പകർച്ചവ്യാധി വരെ നിരവധി ചെറുതും വലുതുമായ പകർച്ചവ്യാധികളെ തടയുന്നതിൽ ഹോമിയോപ്പതി വഹിച്ച പങ്ക് ചരിത്രമാണ്. ഏഷ്യാറ്റിക് കോളറയിലും മറ്റും ഇത്തരത്തിൽ നൽകിയ മരുന്നുകളുടെ ഫലപ്രാപ്തി ലോകമെമ്പാടും ഹോമിയോപ്പതിയുടെ വളർച്ചക്ക് വലിയ സംഭാവനകൾ നൽകിയിട്ടുമുണ്ട്.

25 ശതമാനത്തോളം ആളുകൾ ഹോമിയോപ്പതി ചികിൽസയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ കോവിഡ് ഉപദേശക സമിതിയിൽ ഹോമിയോപ്പതി വകുപ്പ് അധ്യക്ഷയ്ക്ക് സ്ഥാനമില്ല. ആയുഷ് വകുപ്പിന്റെ സെക്രട്ടറി പോലും അലോപ്പതി ഡോക്ടറാണ് എന്നതാണ് വിരോധാഭാസം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഹോമിയോപ്പതി വകുപ്പിൽ നിന്ന് സർക്കാരിലേയ്ക്ക് എത്തുന്നത് ആയുഷ് സെക്രട്ടറി തടയുകയാണെന്നാണ് ഹോമിയോ ഡോക്ടർമാരുടെ ആരോപണം.

അലോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയായ ഐഎംഎയും അലോപ്പതി ഡോക്ടർമാർ തലപ്പത്തിരിക്കുന്ന മറ്റ് ആരോഗ്യ കൂട്ടായ്മകളും ഹോമിയോ അടക്കമുള്ള മറ്റ് ചികിൽസാ രീതികളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. 'കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റർ മരുന്നുകൾ നൽകാം എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ ഐ.എം.എ. അതിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത് നാം കണ്ടതാണ്.

എതിർപ്പിന് പിന്നിലെ രഹസ്യം

ആദ്യസമയത്ത് ഉണ്ടാകാതിരുന്ന എതിർപ്പ് മോഡേൺ മെഡിസിൻ രംഗത്ത് പ്രവർത്തിക്കുന്ന ഐ എം എ യുടെ കേരള ഘടകത്തിലെ നേതൃത്വത്തിൽ നിന്നും ഉയർന്നു വന്നത് എപ്പോൾ ആണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് വരുന്ന മലയാളികൾക്ക് കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ പ്രതിസന്ധികൾ നേരിടേണ്ടതായി വന്നു. മതിയായ ചികിൽസയോ പ്രതിരോധമോ, പ്രതിരോധമാർഗ്ഗങ്ങളോ തേടുവാനാകാതെ വലഞ്ഞു പോയ അവർക്ക്, പ്രത്യേകിച്ചു ഗൾഫ് മേഖലകളിൽ ഉള്ളവർക്ക് ഏക ആശ്രയം ഹോമിയോപ്പതി ആയിരുന്നു. ഒരേ മുറികളിൽ തന്നെ നിരവധി പേർ കഴിയേണ്ടിവന്ന സാഹചര്യങ്ങൾ ഒന്നും അവർക്ക് ഒഴിവാക്കുവാനാകുമായിരുന്നില്ല.

പ്രതിരോധത്തിനും ചികിൽസക്കുമായി ഹോമിയോപ്പതി സ്വീകരിച്ച സാധാരണ ജനങ്ങൾ സോഷ്യൽ മീഡിയ വഴി അവരുടെ അനുഭവം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ഹോമിയോപതി ചികിൽസ സംബന്ധിച്ച വിവരങ്ങൾ പൂർണമായും അറിയാതിരുന്നവർക്കും 'ആർസ് ആൽബ്ബ്' കൊറോണ പ്രതിരോധിക്കും എന്ന അനുഭവം ഉണ്ടായപ്പോൾ, കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് എന്ന നിലയിൽ 'ആർസ് ആൽബ്ബ്' പ്രചരിപ്പിക്കപ്പെട്ടു. ഓർമ്മിക്കുക, ഔദ്യോഗികമായി ഇമ്മ്യൂൺ ബൂസ്റ്റ് ചെയ്യപ്പെടും എന്നല്ലാതെ കൊറോണയെ പ്രതിരോധിക്കും എന്നു ഹോമിയോപ്പതി വകുപ്പ് എവിടേയും ഈ നിമിഷം വരെ അവകാശപ്പെട്ടിട്ടില്ല. 100% ഒന്നും അല്ല എങ്കിലും മരുന്ന് കഴിച്ച മില്ല്യൺ കണക്കിനു ആളുകളിൽ മഹാ ഭൂരിപക്ഷത്തിനും കൊറോണ വൈറസ് ബാധ ഏറ്റില്ല എന്നതാണു അനുഭവം. ഇക്കാര്യത്തിൽ കൃത്യമായ പഠനം നടത്തണം എന്നതാണു ഹോമിയോപ്പതി രംഗത്തുള്ളരുടെയും അഭിപ്രായം.

കേരളത്തിൽ കൊറോണ വ്യാപകമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ സമയോചിതമായി കേരളത്തിലെ ഹോമിയോപ്പതി വകുപ്പ് ഇടപെട്ടു ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു തുടങ്ങി. പത്തനംതിട്ട ജില്ലയിലാണ് ആദ്യമായി ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനാൽ തന്നെ അവിടെ ആയിരുന്നു ഡി എം ഓ യുടെ നേതൃത്വത്തിൽ മരുന്ന് വിതരണം ആദ്യം ആരംഭിച്ചത്. ആലപ്പുഴയിൽ ഹോംകൊ(HOMCO) എന്ന സർക്കാർ സ്ഥാപനത്തിൽ നിർമ്മിച്ച സ്ട്രിപ്പുകളിലായാണ് മരുന്ന് വിതരണം നടത്തിയത്. 12 ലക്ഷത്തിലധികം പേർക്ക് മരുന്നുകൾ വിതരണം ചെയ്യുകയും, ആർക്കൊക്കെ വിതരണം ചെയ്തു എന്നു കൃത്യമായ കണക്കുകളും, പേരും ഫോൺ നമ്പറും സഹിതം ഡി എം ഓ ഓഫീസ് കൃത്യതയോടെ സൂക്ഷിച്ചിട്ടുണ്ട്. തുടർന്ന് മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ തികച്ചും സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഇതോടൊപ്പം തന്നെ ഹോമിയോപ്പതി രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്കൂടി സൗജന്യ മരുന്ന് വിതരണം ഏറ്റെടുത്തപ്പോൾ പ്രതിരോധമരുന്ന് വിതരണം ഭൂരിഭാഗം ആൾക്കാരിലേക്കും എത്തി എന്ന സവിശേഷമായ സാഹചര്യം കേരളത്തിൽ ഉണ്ടായി. ഐ. എച്ച് കെ, ഐ എച്ച് എം എ, ക്യു പി എച്ച് എ , കെ ജി എച്ച് എം ഓ എ തുടങ്ങിയ സർക്കാർ സ്വകാര്യ സംഘടനകൾ തങ്ങൾ നടത്തിയ മരുന്ന് വിതരണ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. ഇതിൽ അർക്കൊക്കെ കോവിഡ് വന്നു, എത്ര ശതമാനം പേരിൽ ഈ മരുന്ന് ഫലപ്രദമായില്ല എന്നൊക്കെ അർക്കും പരിശോധിക്കാവുന്നതാണ്. അതിനു ശേഷം വേണം ശാസ്ത്രീയമായി ചിന്തിക്കുന്നവർ ഈ മരുന്ന് ഫലപ്രദമാണോ അല്ലയോ എന്നു പ്രസ്താവന നടത്തുവാൻ.

വീണ ജോർജിന് ചങ്കൂറ്റമുണ്ടോ?

ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള ഒരു ചികിത്സാ ശാഖയാണ് ഹോമിയോപ്പതി. നൂറ്റിഇരുപതിൽപരം ലോക രാജ്യങ്ങളിൽ ഔദ്യോഗിക അംഗീകാരത്തോടെ ചികിൽസിക്കുന്ന ഒരു വൈദ്യശാസ്ത്രം ആണത്. ഇന്ത്യയിൽ നിയമാനുസൃതം സർക്കാർ കോളജുകളിൽ വിപുലമായി പഠിപ്പിക്കുകയും നിരവധി സർക്കാർ സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളിലൂടെ ചികിത്സ നൽകുകയും ചെയ്യുന്നു. കേന്ദ്ര സർക്കാറിനു കീഴിലും സംസ്ഥാന സർക്കാരുകളുടെ കീഴിലും ആയുഷ് മന്ത്രാലയം വിപുലമായി പ്രവർത്തിക്കുന്നു.

ഇത്തരത്തിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന ഒരു വൈദ്യശാസ്ത്രം അശാസ്ത്രീയം ആണ്, അത് ചികിത്സിക്കരുത് പ്രതിരോധ നടപടികളിൽ പങ്കാളികൾ ആക്കരുത് എന്നൊക്കെ തീട്ടൂരം ഇറക്കുന്നവരെ ലോബി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ മാറിമാറി വരുന്ന സർക്കാരുകളും ആരോഗ്യമന്ത്രിമാരും അവരുടെ തടവറയിലാണ്. കഴിഞ്ഞ ആരോഗ്യമന്ത്രി കോവിഡ് പ്രതിരോധമരുന്നായി ഹോമിയോ ഉപയോഗിക്കാം എന്ന് പറഞ്ഞപ്പോൾ തന്നെ ഇവിടത്തെ അലോപ്പതി ഡോക്ടർമാർ വാളും പരിചയുമായി അതിനെ എതിർത്തു. അന്നത്തെ മന്ത്രി ശൈലജ ടീച്ചർക്ക് പറഞ്ഞത് പിൻവലിക്കേണ്ടി വന്നു. എന്നാൽ മാധ്യമപ്രവർത്തകയായിരുന്ന ഇപ്പോഴത്തെ മന്ത്രിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ കോടതിയുടെയും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നിർദ്ദേശം നടപ്പിലാക്കാൻ തയ്യാറാകുകയാണ് വേണ്ടത്. കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജിൽ 20 കോടി രൂപ മാത്രമാണ് ഹോമിയോ, ആയുർവേദം, യുനാനി, പ്രകൃതി ചികിൽസ, സിദ്ധവൈദ്യം എന്നിവയ്ക്കായി നീക്കിവച്ചിട്ടുള്ളത്. അതായത് 0.01% മാത്രം.

സ. ഊ. (സദാ) നം. 443/ 2019/ആയുഷ് ഉത്തരവ് നമ്പറായി 9/08/2019 തിയതി പ്രകാരം ഹോമിയോപ്പതി വിദ്യാഭ്യാസ രംഗത്തെ ഗവേഷണത്തിനായി സർക്കാർ 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഹോമിയോപ്പതിയുടെ ശാസ്ത്രീയത ഏറെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി സംശയ ദൂരീകരണത്തിനായുള്ള ഗവേഷണങ്ങൾ നടത്തുവാൻ ഈ ഫണ്ട് കൊണ്ട് സാധിക്കുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ NIIST National Institute for Interdisciplinary Science and Technology, Thiruvananthapuram യുടെ കീഴിൽ പ്രവർത്തിക്കുന്ന CSIR (Council of Scientific and Industrial Research ) യുമായി തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ധാരണാപത്രം ഒപ്പ് വെയ്ക്കുകയും ചെയ്തു. ഹോമിയോപ്പതിയുടെ ശാസ്ത്രീയത സംബന്ധിച്ച സംശയങ്ങൾക്ക് ദൂരീകരണം നൽകുവാനുതകുന്ന ആധികാരികമായ പഠനങ്ങൾ നടക്കേണ്ടിയിരുന്ന ഈ ഗവേഷണ പദ്ധതിയെ തുരങ്കം വെയ്ക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. 2.5 ലക്ഷം രൂപ ഹോംകൊയ്ക്കു ഡ്രഗ് സ്റ്റാൻഡേർഡും റഫറൻസും നിർമ്മിക്കുന്നതിലേയ്ക്ക് നൽകി 4.75 ലക്ഷം CSIR NIISTമായി ചേർന്ന് ഹോമിയോ മരുന്നുകളുടെ ഫൈറ്റോ പ്രൊഫൈലിങ് നടത്തുവാൻ കൈ മാറി. ഗവേഷണ ഉപകരണങ്ങൾ വാങ്ങേണ്ട ബാക്കി തുക HLL നു നൽകാതെ മരവിപ്പിച്ചു. ഈ ഫണ്ട് മരവിപ്പിച്ചു കൊണ്ട് 77.75 ലക്ഷം രൂപയും സർക്കാരിലേക്ക് തിരികെ അടക്കുന്ന രീതിയിൽ ആ ഗവേഷണപദ്ധതിയെ അട്ടിമറിച്ചത് ആരാണ്?

തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ഇന്നൊരു കോവിഡ് ചികിൽസാ (സി എഫ് എൽ ടി സി)കേന്ദ്രമാണ്. അവിടെ ചികിൽസിക്കുന്ന രോഗികൾക്ക് പ്രത്യേകിച്ചു മരുന്നുകൾ ഒന്നും നൽകുന്നതുമില്ല. അതേപോലെ കോട്ടയം സച്ചിവോത്തമപുറത്തു പ്രവർത്തിക്കുന്ന നാഷണൽ മെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്നൊരു സി എഫ് എൽ ടി സി ആണ്. അവിടെയും ഹോമിയോപ്പതി മരുന്നുകൾ നൽകുവാൻ സംവിധാനമില്ല. രണ്ടു സ്ഥാപനങ്ങളിലുമായി അഡ്‌മിറ്റു ചെയ്തിരുന്ന 200-ലധികം രോഗികളെ ഡിസ്ചാർജ്ജ് ചെയ്തിട്ടാണ് ഈ കെട്ടിടങ്ങൾ ഏറ്റെടുത്തത്. ക്യാൻസർ മുതൽ ഷിസോഫ്രീനിയ വരെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് ആശ്വാസം ലഭിച്ചിരുന്ന ആ രോഗികളെ ഡിസ്ചാർജ്ജ് ചെയ്തു പകരം കോവിഡ് രോഗികളെ അഡ്‌മിറ്റു ചെയ്യുമ്പോൾ അവർക്ക് ചികിൽസ ലഭിക്കുവാനുള്ള അവകാശമില്ലേ? അവരെ ചികിൽസിക്കുവാൻ ഉള്ള അവകാശം എങ്കിലും അതേ സ്ഥാപനത്തിൽ ഉള്ള ഡോക്റ്റർമാർക്കും ഇല്ലേ? ഡൽഹിയിലും മുംബെയിലും ഒക്കെ ധാരാളം കോവിഡ് രോഗികൾ ഹോമിയോപ്പതി ചികിൽസ കൊണ്ട് അതിവേഗം സുഖം പ്രാപിക്കുന്നുണ്ട്. ഡൽഹിയിലെ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ അഡ്‌മിറ്റു ചെയ്ത മുഴുവൻ രോഗികൾക്കും ഹോമിയോപ്പതി ചികിൽസ നല്കുകയും അവർ അതിവേഗം സുഖം പ്രാപിക്കുകയും ചെയ്തതിന്റെ രേഖകൾ ലഭ്യമാണ്. ഇവിടെ എന്തുകൊണ്ട് അതിനുള്ള വഴി തുറക്കുന്നില്ല?

ക്വാറന്റയിനിൽ കഴിഞ്ഞവർക്ക് പാലക്കാട് ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ നല്കിയിരുന്നു. അവർക്കു പിന്നീട് കോവിഡ് രോഗം ബാധിച്ചുവോ എന്ന പഠനം നടത്തുവാനുള്ള പ്രൊപ്പോസൽ നൽകിയിട്ടു മാസം മൂന്നായി. ആയുഷ് സെക്രട്ടറിയുടെ മേശപ്പുറത്ത് ആ പ്രൊപ്പോസൽ കൂർക്കം വലിച്ചുറങ്ങുകയാണ്.

ഇന്ത്യയിൽ മണിപ്പൂർ, ഗോവ, ഗുജറാത്ത്, ജമ്മു ആൻഡ് കാശ്മീർ, ഡൽഹി, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് ചികിത്സയിൽ ഹോമിയോപ്പതി വൈദ്യശാസ്ത്രം അലോപ്പതിയോടൊപ്പം സംയോജിത ചികിത്സ എന്ന നിലയിൽ അതാത് സംസ്ഥാന സർക്കാരുകൾ ഔദ്യോഗികമായി തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടങ്ങളിൽ പലയിടത്തും മികച്ച ഫലം കിട്ടിയതായുള്ള വാർത്തകളും പുറത്തു വന്നിട്ടുണ്ട്. ക്യൂബയിൽ കോവിഡ് നിയന്ത്രണ വിധേയമാക്കിയതിൽ ഹോമിയോപ്പതി മരുന്നുകൾ വ്യാപകമായി സർക്കാർ ഉപയോഗപ്പെടുത്തിയതിന്റെ ഫലം ആണെന്ന് ക്യൂബൻ സർക്കാർ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും കേരളത്തിലെ ആരോഗ്യ വകുപ്പോ ആരോഗ്യ വിദഗ്ധരോ കാണില്ല. കാരണം ഇവിടെ ആരോഗ്യരംഗം ഭരിക്കുന്നത് അലോപ്പതി ഡോക്ടർമാരാണ്. മറ്റ് മേഖലകളുടെ സാധ്യതകളെന്താണെന്ന് അവർക്കറിയില്ല. അവയെ വളരാൻ അനുവദിക്കുകയുമില്ല. അല്ലെങ്കിൽ തന്നെ ആയുഷ് മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ഒരു അലോപ്പതി ഡോക്ടറെ നിയമിക്കുന്നത് തന്നെ കോഴിക്കൂടിന്റെ കാവൽ കുറുക്കനെ ഏൽപ്പിക്കുംപോലെയാണെന്ന് ആർക്കാണ് അറിയാത്തത്