ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ബംഗളൂരുവിലെ തിരക്കേറിയ പ്രദേശങ്ങളിൽ ചെറുവിമാനം ഉപയോഗിച്ച് ആകാശത്തുനിന്നും അണുനശീകരണം നടത്താനുള്ള പദ്ധതി പരാതിയെതുടർന്ന് കോർപ്പറേഷൻ നിർത്തിവെച്ചു. അണുനശീകരണത്തിന്റെ ശാസ്ത്രീയതയും അപകടസാധ്യതയും ചോദ്യം ചെയ്ത് ആരോഗ്യരംഗത്തുള്ളവർ ഉൾപ്പെടെ രംഗത്തുവന്നതോടെയാണ് നടപടി. അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ വിമാന കമ്പനി അധികൃതർ അവരുടെ സ്ഥലത്ത് മാത്രമാണ് അണുനശീകരണം നടത്തിയതെന്ന് ബി.ബി.എംപി ചീഫ് കമീഷണർ ഗൗരവ് ഗുപ്ത പ്രതികരിച്ചു.

പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാതെ ചെറുവിമാനത്തിൽ നഗരത്തിലെ ഒരിടത്തും അണുനശീകരണം നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു. ഏരിയൽ വർക്‌സ് എയ്‌റോ എൽ.എൽ.പി ഓർഗാനിക് ആന്റി മൈക്രോബയാൽ കമ്പനിയുമായി ചേർന്നുകൊണ്ട് സ്വന്തം നിലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അവരുടെ മേഖലയിൽ കഴിഞ്ഞ ദിവസം അണുനശീകരണം നടത്തിയത്. പദ്ധതിയിൽ ബി.ബി.എംപി തുക മുടക്കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, വിമാനം ഉപയോഗിച്ചുള്ള അണുനശീകരണത്തിന്റെ ആദ്യഘട്ടമായി തിങ്കളാഴ്ച മുതൽ മൂന്നുദിവസം രാവിലെ എട്ടുമുതൽ 10 വരെ ശിവാജി നഗർ, ചിക്പേട്ട്, കെ.ആർ മാർക്കറ്റ്, ജയനഗർ എന്നിവിടങ്ങളിൽ ജൈവ അണുനാശിനി തളിക്കുമെന്നായിരുന്നു നേരത്തെ ബി.ബി.എംപി അറിയിച്ചിരുന്നത്. 300 മുതൽ 500 മീറ്റർ വരെ താഴ്ന്ന് പറന്നാണ് ചെറുവിമാനമായ അമേരിക്കൻ ചാമ്പ്യൻ സ്‌കൗട്ട് എട്ട്-ജി ഉപയോഗിച്ച് ജൈവ അണുനാശിനി തളിക്കുക. സുഗർധന ഓർഗാനിക് ആന്റി മൈക്രോബയാൽ ആണ് ജൈവ അണുനാശിനി നിർമ്മിച്ചത്.

മനുഷ്യനോ മറ്റ് ജീവജാലങ്ങൾക്കോ ദോഷം ചെയ്യാത്ത അണുനാശിനിയിൽ നാരങ്ങാ സത്ത്, ബയോ എൻസൈമുകൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ. വിവിധ പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന രോഗാണുക്കളെ പൂർണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

ശനിയാഴ്ച ജക്കൂരിൽ റവന്യു മന്ത്രി ആർ. അശോകയാണ് അണുനശീകരണം നടത്തുന്ന വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തത്. എന്നാൽ, പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷം ഇതിനെതിരെ വിവിധ കോണുകളിൽനിന്നാണ് വിമർശനം ഉയർന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ വിമാനം 600 മീറ്ററിൽ താഴ്ന്ന് പറക്കരുതെന്നാണ് ചട്ടമെന്നും ഇത് 300 മീറ്റർ വരെ താഴ്ന്ന പറക്കുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നുമാണ് വ്യോമയാന മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്.