കൊല്ലം : പുത്തൂരിൽ നടുറോഡിൽ കൂട്ടത്തല്ല്. വാഹനം മറികടക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണു സംഘർഷത്തിനു കാരണം. എസ്‌ഐയ്ക്കും ഭാര്യയ്ക്കും മകനും പരുക്കേറ്റു. പുത്തൂർ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ. സുഗുണനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. സുഗുണന്റെ ഭാര്യ പ്രിയ, മകൻ അമൽ എന്നിവർക്ക് മർദ്ദനത്തിൽ പരിക്കേറ്റു. സംഭവത്തിൽ പുത്തൂർ സ്വദേശികളായി രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഒൻപത് മണിയോടെ പുത്തൂർ ജംങ്ഷനിലായിരുന്നു സംഭവം. നിസാരമായ സംഭവത്തെ ചൊല്ലിയായിരുന്നു തർക്കങ്ങളുടെ തുടക്കം. എസ്ഐയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഓവർടേക്ക് ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം.ബൈക്കിൽ പിന്നാലെയെത്തി കാറിന് കുറകെ നിർത്തിയ ശേഷം യുവാക്കൾ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതേത്തുടർന്നാണ് സംഘർഷമുണ്ടായത്.

ബൈക്ക് കുറുകെ നിർത്തി ചോദ്യംചെയ്തപ്പോൾ സുഗുണന്റെ മകൻ അമൽ ഇവരോട് കയർത്ത് സംസാരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് തർക്കമുണ്ടാകുകയും കൂട്ടത്തല്ലിലേക്ക് എത്തുകയുമായിരുന്നു.യുവാക്കൾ ഹെൽമറ്റ് ഉപയോഗിച്ച് എസ്‌ഐയെയും മകനേയും മർദ്ദിക്കുന്നതും എസ്ഐയുടെ ഭാര്യ മർദ്ദനമേറ്റ് നിലത്തുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.സ്ഥലത്തുണ്ടായിരുന്ന ചില ആളുകളും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നു വിവരമുണ്ട്.