ഹരിയാന: പഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണപ്പൊതികൾ നൽകുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. കോവിഡ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. ഉപജീവനമാർ‌​ഗം നിലച്ചുപോകുമെന്ന് ഭയന്ന് കോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത കുടുംബങ്ങളെ കോവിഡ് പരിശോധനക്ക് സ്വമേധയാ വിധേയരാകാൻ പുതിയ നടപടി സഹായകരമാകും എന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

ഭക്ഷണപൊതികൾ വിതരണ ചെയ്യുന്നത് വഴി കോവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ ആളുകൾ തയ്യാറാകും. ഇത് പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനും കോവിഡ് മരണനിരക്ക് നിയന്ത്രിക്കുന്നതിനും സ​ഹായിക്കും. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പട്യാലയിൽ നിന്നാണ് ഈ പദ്ധതി ആരംഭിക്കുക എന്നും അമരീന്ദർ സിം​ഗ് കൂട്ടിച്ചേർത്തു. ഐസൊലേഷനിൽ കഴിയുന്ന പാവപ്പെട്ട കോവിഡ് രോ​ഗികൾക്കും സമാനമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്ക് വിധേയരായി രോ​ഗബാധയെന്ന് തെളിഞ്ഞാൽ ഐസൊലേഷനിൽ കഴിയേണ്ടി വരികയും അതുവഴി ഉപജീവനമാർ​ഗം നിലച്ചു പോകുകയും ചെയ്യുമെന്ന ഭയത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും സാധിക്കും.

ആശുപത്രിയിൽ കഴിയേണ്ടി വരുന്നതിനെ രോ​ഗികൾ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ ഭയത്തെ ചെറുക്കാൻ സർക്കാർ പിന്തുണ നൽകും. രോ​ഗബാധിതരായവരുടെ വീടിന് പുറത്ത് സ്റ്റിക്കറുകളോ പോസ്റ്ററുകളോ പതിക്കുകയില്ലെന്നും അമരീന്ദർ സിം​ഗ് പറഞ്ഞു. എത്രനാൾ ഈ മഹാമാരി നീണ്ടുനിൽക്കുമെന്ന് അറിയില്ല. അതിനാൽ കഠിനവും ​ദീർഘവുമായ ഒരു പോരാട്ടത്തിന് ജനങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ സജ്ജമാണെന്നും അമരീന്ദർ സിം​ഗ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ തീരുമാനമെന്ന് സർക്കാർ അറിയിപ്പിൽ പറയുന്നു.