തിരുവനന്തപുരം: കൃത്യമായ രിതിയിൽ പരിചരണം നൽകിയിട്ടും ഇല്ലാത്ത കാരണങ്ങൾ നിരത്തി തന്റെ വിലകൂടിയ വളർത്തുനായയെ കടത്തിക്കൊണ്ടുപോയെന്ന് കാണിച്ച് പൊലീസിൽ വീട്ടമ്മയുടെ പരാതി. അരിവിപ്പുറം വൈഗ ഗാർഡൻ നക്ഷത്ര ഹൗസിൽ മായാദേവിയാണ് താൻ വളർത്തുന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട നായയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഡൽഹി ഫിയാപോ സംഘടന അംഗങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഘടനയുടെ അംഗമായ തിരുവനന്തപുരം സ്വദേശി പാർവ്വതി മോഹനെതിരെയാണ് വീട്ടമ്മ വിളപ്പിൽ ശാല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. താൻ വീട്ടിൽ ഇല്ലാത്ത സമയത്ത് തന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൂടിന്റെ പൂട്ട് തകർത്ത് നായയെ കടത്തിയെന്നാണ് പരാതി. നായയെ പരിചരിക്കാനായി മൂന്നുപേരണ് വീട്ടിലുള്ളത്. പരിചരണത്തിനും ആഹാരം നൽകുന്നതിനും ഒരു സ്ത്രീയും പുരുഷനുമുൾപ്പടെ രണ്ടുപേരും നായയെ പരിശീലിപ്പിക്കുന്നതിന് ഒരു ട്രെയ്നറുമുണ്ട്. ആരോഗ്യപരമായ കാര്യങ്ങൾ പരിശോധിക്കുന്നതിനായി വെറ്റിനററി സർജ്ജന്റെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്നാൽ വീട്ടുകാർ നായയെ വേണ്ട വിധത്തിൽ നോക്കുന്നില്ലെന്ന് പറഞ്ഞ് ഉടമസ്ഥയായ മായദേവിയോട് ഫിയാപോ അംഗം കൂടിയായ പാർവ്വതി മോഹൻ ഫോണിൽക്കുടി ഒരു തവണ രൂക്ഷമായ ഭാഷയിൽ സംസാരിച്ചിരുന്നുവെത്ര. ഇതിനുശേഷമാണ് ഉടമസ്ഥ മൂവാറ്റുപുഴയിലെ ഭർത്താവിന്റെ വീട്ടിൽ പോയ സമയത്ത് അതിക്രമിച്ച് കയറി നായയെ കടത്തിക്കൊണ്ടുപോയത്. നായയെ പരിചരിക്കുന്നവർ വീട്ടിലെത്തി നോക്കിയപ്പോഴാണ് കൂട് തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ നായയെ ഫിയാപോ എന്ന സംഘടനയുടെ ഭാരവാഹികൾ കടത്തിക്കൊണ്ടുപോയതാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും ഉടമസ്ഥയായ മായാദേവി പറയുന്നു.

ഇതിനുശേഷമാണ് തിരുവനന്തപുരം അസ്ഥാനമായി പ്രവർത്തിക്കുന്ന ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ പിന്തുണയോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 1860 നിമയത്തിലെ 294,447,506,379 എന്നീ വകുപ്പുകൾ പ്രകാരം സംഘടന ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡൽഹിആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ആനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (ഫിയാപോ) എന്ന സംഘടനയ്ക്ക് കേരളത്തിൽ ഓഫീസോ മറ്റു പ്രവർത്തന ഇടങ്ങളോ ഇല്ലെന്ന് ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.

മാത്രമല്ല ഇനി അഥവ സംഘടന ഉന്നയിക്കുന്ന ആരോപണം ശരിയാണെങ്കിൽ തന്നെ വെറ്റിനററി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ഇത്തരം നടപടികളിലേക്ക് കടക്കാവു എന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി സതീഷ് പറയുന്നു. ഇതിനുപുറമെ ഭവനഭേദനം ഉൾപ്പടെയുള്ള പരാതി ഉണ്ടായിട്ടും കുറ്റക്കാരിയെ കസ്റ്റഡിയിലെടുക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് ഇവർ കടക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

അതേസമയം തങ്ങൾ നായയെ രക്ഷിക്കുകയായിരുന്നുവെന്നാണ് ഫിയാപോ ഭാരവാഹികൾ പറയുന്നത്.നായയെ സ്ഥിരമായി കൂട്ടിലിടുകയും അതിന് ആവശ്യമായ ഭക്ഷണം നൽകുന്നില്ലെന്നും കാണിച്ച് സംഘടന ഉടമക്കെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.മോഷണം പോയ നായയെ ഉടമയ്ക്ക് തിരിച്ചു നൽകാനുള്ള ശ്രമം തുടങ്ങിയതായി പൊലീസും അറിയിച്ചു.