തിരുവനന്തപുരം: ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കണ്ടിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറയുന്നു. സ്വപ്നയുടെ മൊഴിയെന്ന പേരിൽ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്ത ശുദ്ധ അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അന്വേഷണ രാഷ്ട്രീയ പ്രചാരകരുടെ വേഷം കെട്ടുകയാണെന്നും വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും സ്പീക്കർ വ്യക്തമാക്കി.

വിദേശത്തു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടെന്നും ഇതിനായി സൗജന്യഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി അദ്ദേഹം കേരളത്തിൽവച്ചു ചർച്ച നടത്തിയെന്നുമാണു സ്വപ്നയുടെ മൊഴി. യു.എ.ഇ. കോൺസുൽ ജനറലിനു കൈമാറാനായി സ്പീക്കർ തനിക്കു പണമടങ്ങിയ ബാഗ് നൽകിയെന്നാണു സരിത്തിന്റെ മൊഴി. ഇതിലെ സത്യം തെളിയാൻ ഷാർജാ ഭരണാധികാരിയേയും യുഎഇ കോൺസുൽ ജനറലിനേയും കേന്ദ്ര ഏജൻസികൾക്ക് ചോദ്യം ചെയ്യണം. അതിന് കഴിയില്ല. അതുകൊണ്ട് തന്നെ സ്പീക്കർക്കെതിരായ ആരോപണങ്ങളിൽ വ്യക്തത വരുത്താൻ കേന്ദ്ര ഏജൻസികൾക്ക് കഴിയുകയില്ലെന്നാണ് വിലയിരുത്തൽ. സ്വർണ്ണ കടത്തിൽ വിദേശത്തുള്ള പലരേയും അറസ്റ്റ് ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ യുഎഇയിലെ ഭരണാധികാരികളെ ചോദ്യം ചെയ്യൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ മൊഴിയിൽ സ്പീക്കറെ കുടുക്കാനാവില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളാ പലരേയും കാണാറുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരിൽ അവിടെ എല്ലാം നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് ശറിയല്ല. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കണ്ടിട്ടില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. സ്വപ്ന നൽകിയതെന്നു പറയുന്ന മൊഴിയുടെ സത്യാവസ്ഥയും അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പി. ശ്രീരാമകൃഷ്ണൻ വിദേശത്ത് ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാൻ ശ്രമിച്ചിരുന്നതായാണ് സ്വപ്നയുടെ മൊഴി. ആവശ്യമായ ഭൂമി സൗജന്യമായി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തിയെന്നും തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ പറയുന്നു. ക്രൈംബ്രാഞ്ചിനെതിരെ നൽകിയ ഹർജിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഡോളർ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇ.ഡി. ഉന്നയിക്കുന്നത്. അതിനാൽ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാകുമോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 24നു ലൈഫ് മിഷൻ കേസിൽ ഇ.ഡി. ഹൈക്കോടതിയിൽ നൽകിയ അനുബന്ധ കുറ്റപത്രത്തിലാണു സ്വപ്നയുടെ മൊഴിയുള്ളത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ സമ്മർദമുണ്ടായി എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനേത്തുടർന്നു തങ്ങളുടെ അന്വേഷണസംഘത്തിനെതിരേ ക്രൈം ബ്രാഞ്ച് എടുത്ത കേസിന്റെ എഫ്.ഐ.ആർ. റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇ.ഡി. ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം ഇന്നലെ സമർപ്പിച്ച സരിത്തിന്റെ മൊഴിയുടെ പകർപ്പാണു പുറത്തുവന്നത്.

എം. ശിവശങ്കറുമായുള്ള സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണു ഇരുവരും ശ്രീരാമകൃഷ്ണനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ നൽകിയത്. പൊന്നാനി സ്വദേശി ലഫീർ എന്ന വ്യക്തിയെ ചാറ്റിൽ പരാമർശിച്ചിരുന്നു. ലഫീറിന്റെ ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിന്റെ ശാഖ ഷാർജയിൽ തുടങ്ങുകയായിരുന്നു സ്പീക്കറുടെ ലക്ഷ്യം. ഇതിനായി സൗജന്യഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ ചർച്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ സ്പീക്കർക്കു വാക്കാൽ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. എന്തിനാണു സ്പീക്കർ ഇക്കാര്യത്തിൽ താൽപര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിനു മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. ഷാർജയിലെ കാര്യങ്ങൾ നോക്കിനടത്താൻ താനാണു മികച്ചയാളെന്നു സ്പീക്കർ പറഞ്ഞതായും മൊഴിയിലുണ്ട്.

യു.എ.ഇ. കോൺസുൽ ജനറലിനു കൈമാറാനായി പത്ത് നോട്ടുകെട്ടുകളടങ്ങിയ ബാഗ് സ്പീക്കർ തന്റെയും സ്വപ്നയുടെയും കൈയിൽ തന്നുവിട്ടെന്നാണ് പി.എസ്. സരിത്തിന്റെ മൊഴി. ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിലാണു പണം കൈമാറിയത്. ഇതു കോൺസുൽ ജനറലിനുള്ള സമ്മാനമാണെന്നാണു സ്പീക്കർ പറഞ്ഞത്. പണം കൈമാറിയശേഷം താൻ വീട്ടിൽകൊണ്ടുപോയ ഈ ബാഗാണു കസ്റ്റംസ് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു. തനിക്കും സ്വപ്നയ്ക്കും ബാഗ് കൈമാറിയതു വിമാനത്താവളത്തിന് എതിർവശമുള്ള മരുതം റോയൽ അപാർട്മെന്റിൽ വച്ചായിരുന്നുവെന്നും ഔദ്യോഗിക വസതിയിലേക്കു സ്പീക്കർ മടങ്ങിയതു സ്വപ്നയുടെ കാറിലാണെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു.