കൊച്ചി: സ്വപ്നയ്ക്കായി പദവി മറന്നു പോലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പ്രവർത്തിച്ചു എന്നതിന്റെ തെളിവുകൾ കസ്റ്റംസിന്. കേരളത്തിലെ പ്രമുഖർ പണംമുടക്കിയിട്ടുള്ള വിദേശത്തെ കോളജിൽ ജോലി തരപ്പെടുത്താനും ശിവശങ്കർ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. മസ്കറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം അബുദാബിയിൽ പുതിയ കോളജ് തുടങ്ങുന്ന വേളയിലാണ് സ്വപ്നക്ക് ജോലി ശരിക്കാൻ ശിവശങ്കർ ഇടപെടുന്നത്. ഡോളർ കടത്ത് കേസിൽ വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതോടെയാണ് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ ചിത്രം കസ്റ്റംസിന് ലഭിച്ചത്.

2018ലായിരുന്നു ഈ സ്ഥാപനത്തിലേക്കുള്ള ഇന്റർവ്യൂ. ഇന്റർവ്യൂവിന് സ്വപ്‌ന എത്തിയപ്പോൾ ശിവശങ്കറും ഒപ്പം ഉണ്ടായിരുന്നെന്ന് കസ്റ്റംസിന് മൊഴി ലഭിച്ചു. സ്പീക്കർ അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖർ ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്തി എന്ന സംശയത്തിലാണ് കസ്റ്റംസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് മസ്‌കറ്റിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡീൻ ആയ ഡോ. കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യംചെയ്തത്. ഇദ്ദേഹത്തിന് ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

നേരത്തെ ഡോ. കിരൺ 2006ൽ ഐടി മിഷനിൽ ജോലിചെയ്തിരുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആളാണ് ഇദ്ദേഹം. ഇദ്ദേഹം ഡീൻ ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ ലസീർ അഹമ്മദ് എന്നയാളാണ്. ഇവരുടെ പുതിയ സ്ഥാപനം അബുദാബിയിൽ തുടങ്ങാനായി തീരുമാനിച്ചതിനെ തുടർന്നാണ് സ്വപ്‌ന ഇവിടെ ഇന്റർവ്യൂവിന് എത്തിയത്. ഇന്റർവ്യൂ ബോർഡിൽ ഡോ. കിരണും ലസീറുമായിരുന്നു ഉണ്ടായിരുന്നത്. സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും ഇവിടെ എത്തിയിരുന്നു എന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന മൊഴി.

സംസ്ഥാനത്തെ പ്രമുഖരുടെ പണം ഡോളർ ആയി ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുതൽമുടക്കിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അതിന്റെ ഭാഗമായാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം കിരണിനെ ചോദ്യംചെയ്തത്. ലസീർ മുഹമ്മദും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് കേരളത്തിൽ എത്തിയിട്ടുണ്ട്.

അതിനിടെ, സ്വർണക്കടത്ത് കേസിൽ ശിവശങ്കർ ഉൾപ്പെടെ ഏഴ് പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. ശിവശങ്കർ, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാൻഡാണ് നീട്ടിയത്. അടുത്ത മാസം രണ്ടാം തിയതി വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് കോടതി ഉത്തരവ്. ഡോളർ കടത്ത് കേസിലും സ്വപ്നയുടേയും സരിത്തിന്റെയും റിമാൻഡ് നീട്ടിയിട്ടുണ്ട്. ഫെബ്രുവരി രണ്ടു വരെയാണ് റിമാൻഡ് നീട്ടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് ഉത്തരവ്.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രി എന്നിവരാണു ഡോളർ കടത്തു കേസിൽ നിലവിലുള്ള പ്രതികൾ. ഈ കേസിലും ശിവശങ്കറിനെ പ്രതിചേർക്കും എന്നാണ് വിവരം. സ്വപ്നയുടെയും സരിത്തിന്റെയും മൊഴികൾ അടിസ്ഥാനമാക്കി കസ്റ്റംസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണു ശിവശങ്കറിനെയും പ്രതി ചേർക്കാൻ തീരുമാനിച്ചത്. ദുബായിൽ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ഡോ.കിരണിനെ കഴിഞ്ഞ ദിവസം ദുബായിൽനിന്നു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു സംസ്ഥാനത്തെ ചില ഉന്നതർ ഡോളർ കടത്തിയെന്നും ഇൗ പണം ദുബായിൽ ഏറ്റുവാങ്ങിയതു കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണെന്നുമായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. നേരത്തേ ഐടി മിഷനിൽ ജോലിചെയ്തിരുന്ന കിരണിനെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ ഉന്നതർക്കു പരിചയപ്പെടുത്തിയത് എം.ശിവശങ്കർ ആണെന്ന മൊഴിയും ചോദ്യം ചെയ്യലിൽ ലഭിച്ചിരുന്നു. അതേ സമയം, ഡോളർ കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദുബായിൽ ഡോ.കിരണും ലഫീർ മുഹമ്മദും നടത്തുന്ന പ്രവർത്തനങ്ങളും അവരുടെ വിദേശയാത്രാവിവരങ്ങളും ഇഡിയും ശേഖരിച്ചിട്ടുണ്ട്.