ആലപ്പുഴ: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ നിലപാട് കടുപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. പാർട്ടിയിലും സർക്കാരിലും വിള്ളലുണ്ടായ സംഭവത്തിൽ ഒറ്റയാൾ പോരിനിറങ്ങുകയാണ് തോമസ് ഐസക്ക്. പരിശോധനക്കെത്തുന്ന വിജിലൻസ് സംഘത്തെ ഓഫീസിനുള്ളിൽ പോലും കയറ്റരുതെന്ന നിർദ്ദേശമാണ് ധനമന്ത്രി കെഎസ്എഫ്ഇക്ക് നൽകിയിരിക്കുന്നത്. ചട്ടപ്രകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന് കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിൽ മന്ത്രി പറഞ്ഞു.

വിവാദ റെയ്ഡിന് പിന്നാലെ ശനിയാഴ്ച ചേർന്ന കെ.എസ്.എഫ്.ഇ. ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു മന്ത്രി നിലപാട് കടുപ്പിച്ചത്. . വിജിലൻസ് സംഘം ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്നും കെ.എസ്.എഫ്.ഇ. അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതോടെയാണ് വിജിലൻസ് ഉദ്യോ​ഗസ്ഥരെ പടിക്ക് പുറത്ത് നിർത്തിയാൽ മതിയെന്നും അതിന്റെ പ്രത്യാഘാതം എന്തായാലും താൻ നോക്കിക്കൊള്ളാം എന്നും മന്ത്രി പറഞ്ഞത്.

വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി എടുത്തത്. പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്ഡുകൾ ആ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. 'ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന ആകാം. എന്നാൽ അത് കെഎസ്എഫ്ഇ മാനേജ്മെൻറിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണം'- മന്ത്രി തോമസ് ഐസക് പറഞ്ഞു.

'പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ ശാഖകളിൽ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ശാഖകളിൽ കയറ്റുകയും ചെയ്യരുത്'- മന്ത്രി തോമസ് ഐസക് ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യകതമാക്കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്. ആരാണ് ഇത് ആസൂത്രണം ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ട്. ധനവകുപ്പും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

റെയ്ഡ് വിവരങ്ങൾ അനൗദ്യോഗികമായി ചോർത്തിയത് കെഎസ്എഫ്ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കെഎസ്എഫ്ഇ നൽകിയ റിപ്പോർട്ട് ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നതെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക നിഗമനം. പിന്നെയാരാണ് റെയ്ഡ് ആസൂത്രണം ചെയ്തതെന്ന അന്വേഷണം ധനവകുപ്പ് നടത്തുന്നുണ്ട്. നടന്ന സംഭവങ്ങളെപ്പറ്റി കെ.എസ്.എഫ്.ഇ.യും ധനവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റെയ്ഡ് നടത്തുകയും വിവരങ്ങൾ അനൗദ്യോഗികമായി ചോർത്തുകയും ചെയ്തത് സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനാണെന്നാണ് ധനവകുപ്പിന്റെയും കെ.എസ്.എഫ്.ഇയുടെയും വിലയിരുത്തൽ. സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നാൽ സാധാരണയായി വിജിലൻസ് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ വെളിപ്പെടുത്താറുമുണ്ട്. ഇതുവരെ റെയ്ഡിനെക്കുറിച്ച് വിജിലൻസ് പത്രക്കുറിപ്പിറക്കുകയോ ഔദ്യോഗികമായി വിവരങ്ങൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.

പാർട്ടിയിലും സർക്കാരിലും മുന്നണിയിലും അതൃപ്തി പുകയുകയാണ്. കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനെ വിമർശിച്ചായിരുന്നു സിപിഐ. മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം. 'വിവാദത്തിന് ഇന്ധനം പകർന്ന റെയ്ഡ്' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. സിപിഎമ്മിൽ ഇതു സംബന്ധിച്ച് വിവാദം പുകയുകയാണ്. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ വിമർശനം ശക്തമാണ്. ഇതിനിടെയാണ് ജനയുഗത്തിന്റെ വിമർശനവും.

കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകർന്നുനൽകുന്ന സംഭവമായി കെ.എസ്.എഫ്.ഇയിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംഘടിത റെയ്ഡ്- എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടർന്ന് പുറത്തുവന്ന വാർത്തകൾ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സർക്കാരിന്റെ തന്നെ മറ്റൊരു ഏജൻസി സംശയത്തിന്റെ നിഴലിൽ നിർത്തുകയെന്നത് അസ്വാഭാവികവും അപലപനീയവുമാണ്. കെ.എസ്.എഫ്.ഇയിൽ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖപ്രസംഗം പറയുന്നു.