തിരുവനന്തപുരം: ആധാർ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ വലിയ ആശങ്കകളാണ് നിരവധിപേർ പങ്ക് വെച്ചത്. എന്നാൽ ബാങ്ക് അക്കൗണ്ടുമായി ഉൾപ്പടെ ബന്ധിപ്പിച്ചിരിക്കുന്ന ആധാർ വിവരങ്ങൾ ചോർന്നതിലെ ആശങ്ക അകന്നുവെങ്കിലും പല കാര്യങ്ങളിലും ആശങ്ക തുടരുകയാണ്. അതിലൊന്നാണ് വിദ്യാഭാസ മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾ. ആധാർ വിവരങ്ങൾ എൻട്രൻസ് പരീക്ഷയ്ക്കുള്ള അപേക്ഷയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പരീക്ഷ എഴുതാൻ പറ്റില്ലെന്ന വിവരവും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ മക്കളുടെ ഭാവി സംബന്ധിച്ച ആശങ്കയുമായി രംഗത്ത് വന്നത് നിരവധിപേരാണ്.

ആധാർ ലഭിക്കുന്നതിനായി അപേക്ഷ നൽകിയാലും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ തന്നെ തങ്ങളുടെ മക്കൾക്ക് ഒരു അധ്യായന വർഷം നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആധാർ നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയതോടെയാണ് ഇതുവരെ ആധാർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ വിഷമത്തിലായത്. ഇതോടെ വിഷയം ചർച്ചയാവുകയും ചെയ്തു.

ആധാറും എൻട്രൻസ് പരീക്ഷയുമായി ബന്ധിപ്പിക്കുന്നതാണ്് പല രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തിയത്. എന്നാൽ ഇക്കാര്യത്തിൽ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു ആശങ്കയ്ക്ക് വകയില്ലെന്ന വിവരമാണ് ലഭിക്കുന്നത്. ആധാർ പുതിയായി ലഭിക്കുന്നില്ലെന്ന് ഉൾപ്പടെ പരാതികൾ സജീവമാകുമ്പോൾ അതിന്റെ വസ്തുതകൾ പരിശോധിക്കുകയായിരുന്നു ഈ അന്വേഷണത്തിലൂടെ

ആധാർ ലഭ്യമാകുന്നുണ്ടോ ?

എന്റെ മകന് ആധാർ എടുത്തിട്ടില്ല. എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നില്ല , എന്താണ് ചെയ്യുക എന്നതായിരുന്നു പ്രധാന സംശയം. ആധാർ ലഭിക്കാതിരിക്കുന്നത് വിവരങ്ങൾ ചോർന്നതിനാൽ പുതിയ ആധാരുകൾ നൽകുന്നില്ലെന്ന പ്രചരണത്തെ തുടർന്നാണ് ഇത്തരമൊരു സംശയം രക്ഷിതാക്കൾക്ക് ഉണ്ടായത്. എന്നാൽ ആധാർ പുതിയതായി ലഭിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നാണ് ആധാർ കാർഡ് നൽകുന്ന അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.പുതിയ ആധാർ കാർഡ് ലഭ്യമാകുന്നതിന് കാര്യങ്ങൾ വളരെ എളുപ്പമാണ്. അഡ്രസ് പ്രൂഫുമായി ആധാർ കാർഡ് എടുക്കേണ്ട വ്യക്തി അക്ഷയ കേന്ദ്രങ്ങളിൽ എത്തിയാൽ മാത്രം മതി എന്നും ഉടനടി തന്നെ ഫോട്ടോയും മറ്റ് അനുബന്ധ കാര്യങ്ങൾ പൂർത്തിയാകുമെന്നാണ് അക്ഷയ കേന്ദ്രങ്ങൾ നൽകുന്ന വിവരം.

എൻട്രൻസ് പരീക്ഷയ്ക്ക് ആധാർ നിർബന്ധമോ?

സംസ്ഥാന എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന എൻട്രൻസ് പരീക്ഷയും നീറ്റ് പരീക്ഷയുമാണ് കേരളത്തിലെ വിദ്യാർത്ഥികൾ എഴുതുന്നത്. ഇതിൽ കേരള എൻട്രൻസ് പരീക്ഷ എഴുതാൻ ആധാർ നിർബന്ധമല്ല. ആധാറിലെ വിവരങ്ങൾ കേരള എൻട്രൻസ് പരീക്ഷയ്ക്ക് ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് സംസ്ഥാന എൻട്രൻസ് കമ്മീഷണറേറ്റ് അധികൃതർ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

അതേ സമയം സംസ്ഥാന എൻട്രൻസിന് ആധാർ നിർബന്ധമല്ലെങ്കിലും നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ അതിൽ ആധാറിലെ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നാണ് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കുന്നത്. ആധാർ ലഭിച്ചവർ ആ നമ്പർ അപേക്ഷയിൽ ഉൾപ്പെടുത്താനും അല്ലാത്തവർ എത്രയും വേഗം എന്നാൽ ആധാറിനായി എന്റോൾ ചെയ്യാനും നിർദ്ദേശിച്ച് സിബിഎസ്ഇ പ്രത്യേക അറിയിപ്പും പുറത്തിറക്കി. നിലവിൽ ആധാർ ഇല്ലാത്തവർ നീറ്റ് അപേക്ഷ എഴുതണമെങ്കിൽ ഉടനെ തന്നെ ആധാറിനായി രജിസ്റ്റർ ചെയ്യാനാണ് സിബിഎസ്ഇക്ക് വേണ്ടി നീറ്റ് ഡയറക്ടർ നിർദ്ദേശിക്കുന്നത്.

നിലവിൽ ആധാർ ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ ഒരു തടസ്സവുമില്ലെന്നും കേരളത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ ഉൾപ്പെടെ രജിസ്‌ട്രേഷൻ നടത്താമെന്നുമാണ് അധികൃതർ നൽകുന്ന വിവരം. അതേസമയം, വിദേശത്തും മറ്റും പഠിക്കുന്ന കുട്ടികൾക്ക് ആധാർ ഇല്ലെങ്കിൽ അതിനായി നാട്ടിലെത്തി രജിസ്റ്റർ ചെയ്യേണ്ടിവരുമെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.