തിരുവനന്തപുരം: സ്‌കൂൾ തലത്തിൽ സ്ത്രീധനത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്ന് വനിതാ കമ്മീഷൻ അംഗം ഇ എം രാധ പറഞ്ഞു. കോളേജുകളിൽ നടത്തുന്ന ബോധവൽക്കരണ പരിപാടികളിൽ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തണമെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ അവർ അറിയിച്ചു.

വിവാഹമല്ല വിദ്യാഭ്യാസമാണ് മുഖ്യം എന്ന രീതിയിലാണ് ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ സ്വത്തുക്കൾ തട്ടിയെടുത്ത്് അവരെ പുറന്തള്ളുന്ന സംഭവങ്ങൾ ഏറിവരികയാണ്. ഇത്തരം കേസുകളിൽ കടുത്ത നടപടികൾ സ്വീകരിക്കും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ രണ്ടു വീതം മെഗാ അദാലത്തുകൾ സംഘടിപ്പിക്കും. ജില്ലാ തലത്തിൽ എത്തുന്ന കേസുകൾ കുറയ്ക്കുന്നതിനൊപ്പം വനിതാകമ്മീഷന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ താലൂക്ക് തല അദാലത്തുകൾ് വഴി സാധിക്കുമെന്നും അവർ പറഞ്ഞു.

മെഗാ അദാലത്തിൽ 70 പരാതികളാണ് ലഭിച്ചത്. ഇതിൽ 22 പരാതികൾ തീർപ്പാക്കി. 48 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. നാലു പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. ജോലിയിൽ നിന്ന് പിരിച്ചു വിട്ട രണ്ടു പരാതികളടക്കം സ്്ത്രീകൾക്കെതിരെയുള്ള അതിക്രമം, സ്വത്ത് തർക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ വനിതാ കമ്മീഷൻ അംഗം ഇ എം രാധ, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. വിമലകുമാരി, അഡ്വ. പത്മജ പത്മനാഭൻ, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, വനിതാ സെൽ സിവിൽ പൊലീസ് ഓഫീസർമാരായ കെ ദിൽന, എ അനിത തുടങ്ങിയവർ പങ്കെടുത്തു.