മലപ്പുറം: മെട്രോമാൻ ഇ.ശ്രീധരന് പിന്നാലെ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുസലാമും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതു സംബന്ധിച്ചു ബിജെപി സംസ്ഥാന നേതൃത്വമായി സലാം ചർച്ച നടത്തി. മുസ്ലിം ലീഗിന്റെ നോമിനിയായാണ് അബ്ദുസലാം കാലിക്കറ്റ് സർവകലാശാലയുടെ വി സിയായത്. പിന്നീട് യു.ഡി.എഫ് സർക്കാരിന്റെയും പാർട്ടിയുടെയും നിയന്ത്രണങ്ങളിൽ നിന്ന് വ്യതിചലിച്ചതോടെ സർവകലാശാലയിൽ സിപിഎം, കോൺഗ്രസ്, ലീഗ് സർവിസ് സംഘടനകൾ ഒന്നിച്ചു സമരത്തിനിറങ്ങിയിരുന്നു.

അബ്ദുസലാം രണ്ടുവർഷം മുമ്പാണ് ബിജെപി അനുകൂലനായി മാറിയത്. 2011-2015 കാലത്താണ് സലാം കാലിക്കറ്റ് വൈസ് ചാൻസലറായി പ്രവർത്തിച്ചത്. ഈകാലഘട്ടത്തിൽ നിരവധി സംഘർഷ സമരങ്ങൾ യൂണിവേഴ്സിറ്റിയിൽ അരങ്ങേറിയിരുന്നു. വിദ്യാർത്ഥി-സർവ്വീസ് സംഘടനകൾക്ക് അതീതമായി ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിനായിരുന്നു ഈസമരങ്ങളെന്നായിരുന്നു അബ്ദുസലാമിന്റെ നിലപാട്. നിയമന വിവാദവും ഭൂമി വിവാദവും ഉൾപ്പെടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായി.

അക്കാലത്ത് അബ്ദുസലാമിന്റെ പേരിലുണ്ടായ വിജിലൻസ് കേസുകളിൽ അന്വേഷണം നീണ്ടുപോയി. സലാം വി സിയായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്സിറ്റി സെമിനാർ കാംപ്ലക്സിൽ നടത്തിയതും വിവാദമായിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സംഘർഷ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വർഷത്തിനിടെയായിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.