കാലടി: സാമൂഹിക നീതിക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു ബദൽ വൈജ്ഞാനിക സമൂഹമാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും മികച്ച രീതിയിലും ഭാവനാത്മകവുമായും സജ്ജീകരിച്ചിട്ടുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം, റെക്കോഡിങ് സ്റ്റുഡിയോ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, കനകധാര മ്യൂസിയം എന്നിവ നിർമ്മിച്ചതിന് സർവകലാശാല നേതൃത്വത്തെ അഭിനന്ദിക്കുകയാണെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു.

വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറുന്ന സർവകലാശാലയിൽ ഏറ്റവും ആധുനിക രീതിയിലാണ് ഓഡിറ്റോറിയവും സ്റ്റുഡിയോയും ഒരുക്കിയിട്ടുള്ളത്. നവയുവാക്കളുടെ ആശയങ്ങളെ അടവച്ച് വിരിയിച്ച് കേരളത്തിലെ സ്വയം സംരംഭകത്വത്തിന് ആക്കം കൂട്ടാൻ സംസ്‌കൃത സർവകലാശാലയിൽ തയ്യാറാക്കിയതു പോലെയുള്ള ഇൻക്യുബേഷൻ സെന്ററുകൾക്ക് കഴിയും. സമൂഹത്തിന്റെ ഗതകാലാനുഭവങ്ങൾ സ്വാംശീകരിച്ച് ഭാവിതലമുറയ്ക്ക് കൈമാറാൻ പ്രാപ്തമാണ് സർവകലാശാലയിലെ 'കനകധാര' മ്യൂസിയം.

ഓവർഹെഡ് വാട്ടർ ടാങ്ക് സ്ഥാപിച്ചതു കൊണ്ട് ഏതു സാഹചര്യത്തിലും ജലലഭ്യത ഉറപ്പു വരുത്താൻ കഴിയും. പുതിയ വൈദഗ്ദ്യങ്ങളിലേക്കും തൊഴിൽ മേഖലകളിലേക്കും വാതായനങ്ങൾ തുറക്കാൻ എം എ മ്യൂസിയോളജി കോഴ്സിനു കഴിയുമെന്ന് എം എ മ്യൂസിയോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. 'സമ്പൂർണ ഡിജിറ്റൽ അധ്യയനത്തിലേക്ക് മാറിയ സർവകലാശാലയാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ' എന്ന പ്രഖ്യാപനവും മന്ത്രി നടത്തി.

കേരളത്തിന്റെ സമ്പദ്ഘടനയുടെ വികസനത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പോലുള്ള സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്പാദിപ്പിക്കുന്ന അറിവ് ഉപയോഗിക്കാൻ കഴിയുമെങ്കിൽ ലോകത്തിനു മുന്നിൽ മറ്റൊരു മാതൃക കൂടി സ്ഥാപിക്കാൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ സർവകലാശാല ജീവനക്കാരുടെ സംഭാവനയായ 11,66,874/ രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർവകലാശാലയ്ക്ക് വേണ്ടി വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മന്ത്രിക്ക് കൈമാറി.

വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷനായി. പ്രോ - വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാർ സ്വാഗതം പറഞ്ഞു. സിൻഡിക്കേറ്റംഗം ഡോ. പി ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ഡി സലിം കുമാർ, പ്രൊഫ. എസ് മോഹൻദാസ് എന്നിവർ ആശംസകളർപ്പിച്ചു. രജിസ്ട്രാർ ഡോ. എം ബി ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.