ന്യൂഡൽഹി: ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു കോടതി. അലഹബാദ് ഹൈക്കോടതിയാണ് കഫീൽ ഖാന് ജാമ്യം നൽകിയത്. ഡോക്ടർ കഫീൽ ഖാന് എതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി റദ്ദാക്കി. ഡോക്ടറെ ഉടൻ മോചിപ്പിക്കാനും കോടതി നിർദ്ദേശം നൽകി. യുപി പൊലീസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരിൽ ദേശ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) ചുമത്തിയാണ് ഉത്തർ പ്രദേശ് സർക്കാർ കഫീൽ ഖാനെ ജയിലിൽ ആക്കിയത്. കഫീൽ ഖാന്റെ പ്രസംഗത്തിൽ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ല. ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഉള്ളതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായിട്ടാണ് കഫീൽ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടൻ മോചിപ്പിക്കണമെന്നും ഉത്തരവിട്ട കോടതി, സർക്കാർ ചുമത്തിയ ദേശ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കി. നേരത്തെ കഫീൽ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എൻഎസ്എ ചുമത്തി വീണ്ടും തടവിലിടുകയായിരുന്നു. ഈ നടപടി ചോദ്യം ചെയ്തു കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, യുപി പൊലീസിനു കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

കഫീൽ ഖാന്റെ മാതാവ് നുസ്റത്ത് പർവീൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണു കോടതിയുടെ നടപടി. എൻഎസ്എ നിയമം ചുമത്തി കഫീൽഖാനെ തടവിലാക്കിയത് പൂർണമായും നിയമവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി. മതിയായ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ഖഫീൽഖാനെ തടവിലാക്കിയതെന്നും വിധിയിൽ പറയുന്നു.

അലഗഡ് മുസ്‌ലിം സർവകലാശാലയിൽ ഡിസംബർ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധസമരത്തിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കഫീൽ ഖാനെ പിന്നീട് മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. മുംബൈ വിമാനത്താവളത്തിൽവച്ചായിരുന്നു കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

യുപിയിലെ ഗൊരഖ്പുർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ശിശുരോഗവിദഗ്ധനായിരുന്ന ഡോ കഫീൽ ഖാൻ ഇപ്പോൾ സസ്പെൻഷനിലാണ്. 2017ൽ ആശുപത്രിയിൽ ഓക്സിജൻ ലഭ്യതയുടെ അഭാവത്തെതുടർന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതരായ ഒമ്പത് പേരിൽ ഒരാളാണ് ഡോ. കഫീൽ ഖാൻ. സംഭവത്തെ തുടർന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഫീൽ ഖാനെ ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബിജെപി സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയതിന്റെ പേരിലും കഫീൽ ഖാൻ വാർത്തകളിൽ ഇടംനേടിയിരുന്നു.