കരുനാഗപ്പള്ളി: 'പരാതിയുമായി പോയിട്ട് ഒരു കാര്യവുമില്ല, എന്റെ സംഘടനയും സംഘടനയുടെ വക്കീലും കോടതിയിൽ പൊയ്ക്കൊള്ളും. എന്റെ കയ്യിൽ ആവശ്യത്തിന് പണവുമുണ്ട്. നിങ്ങളുടെ സമയം പോകുന്നത് മാത്രം മിച്ചം.' പ്രസവത്തിനിടെ കുഞ്ഞ് മരിച്ച അമ്മയുടെ മുന്നിൽ കരുണയുടെ അംശം ലവലേശമില്ലാതെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ടി.എസ് സീമ പറഞ്ഞ വാക്കുകളാണ് നിയമ പോരാട്ടം നടത്തി അതേ ഡോക്ടറെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിക്കുകയും വ്യാജ സർട്ടിഫിക്കറ്റുമായാണ് സർക്കാർ സർവ്വീസിൽ കയറിയതെന്നും തെളിയിക്കാൻ ശ്രീദേവി എന്ന 34 കാരിയായ അമ്മയ്ക്ക് കഴിഞ്ഞത്.

2019 നവംബർ 11 നാണ് പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനിൽ ടി.സാബുവിന്റെ ഭാര്യ ശ്രീദേവി പ്രസവിച്ച ആൺകുഞ്ഞ് അപ്പോൾ തന്നെ മരിച്ചു പോയി. തലേ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീദേവിക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞ് പുറത്തേക്ക് വരുന്നതായി അനുഭവപ്പെടുകയും ചെയ്തു. 3.30 ഓടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചപ്പോൾ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റിക്കിടക്കുന്നതിനാൽ അപകടമാണെന്നുമനസ്സിലാക്കി ഉടൻ തന്നെ ഡോ.സീമയെ വിളിച്ചു.

എന്നാൽ കുഞ്ഞ് തിരികെ കയറി പോകുമെന്നും പേടിക്കേണ്ട എന്നും പറയുകയായിരുന്നു അവർ. പിന്നീട് 1 മണിക്കൂർ കഴിഞ്ഞെത്തിയ ഇവർ ശസ്ത്രക്രിയ നടത്തണമെന്നും 4000 രൂപ വേണമെന്നും ശ്രീദേവിയുടെ ഭർത്താവിനോട് ആവശ്യപ്പെട്ടു. ശസ്ത്രക്രിയ കഴിയുമ്പോൾ പണം കൊടുക്കാമെന്ന് സാബു ഉറപ്പ് നൽകി. എന്നാൽ അൽപ്പസമയത്തിന് ശേഷം കുഞ്ഞ് മരിച്ചു എന്നറിയുകയായിരുന്നു.

സാധാരണ മരണമാണെന്ന് കരുതി ഇവർ പോസ്റ്റ്‌മോർട്ടം നടത്താതെ കുഞ്ഞിന്റെ ശരീരം മറവ് ചെയ്തു. എന്നാൽ അടുത്ത ദിവസം ഡോക്ടറുടെ പിഴവാണ് മരണകാരണമെന്ന് മനസ്സിലാക്കിയ ശ്രീദേവിയും സാബുവും സഹോദരൻ സാജുവും ചേർന്ന് ആശുപത്രി സൂപ്രണ്ടിനും കരുനാഗപ്പള്ളി പൊലീസിനും പരാതി നൽകി. ഇതറിഞ്ഞെത്തിയ ഡോ.സീമ വെല്ലുവിളിക്കുന്ന തരത്തിലാണ് ഇവരോട് സംസാരിച്ചത്.

നിങ്ങൾക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും സംഘടനയ്ക്ക് എല്ലാമാസവും പണം കൊടുക്കുന്നതിനാൽ അവർ അഭിഭാഷകനെ വച്ച് കേസ് വാദിക്കുമെന്നും നിങ്ങൾ കോടതി കേറി ഇറങ്ങി സമയം പോകുമെന്നുമായിരുന്നു സീമ പറഞ്ഞത്. ഈ വാക്കുകൾ കേട്ടതോടെയാണ് ഏതറ്റം വരെ പോയാലും നീതി ലഭിക്കണമെന്ന വാശി ഇവർക്കുണ്ടായത്.

തുടർന്ന് ശ്രീദേവിയുടെ ഭർതൃസഹോദരൻ സാജു, സീമയെ പറ്റി വിശദമായി അന്വേഷണം നടത്തിയപ്പോൾ ഡി.ജി.ഒ കോഴ്സ് പരീക്ഷയിൽ തോറ്റു പോയതായും അറിഞ്ഞു. തുടർന്ന് ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നൽകിയത്. 2008ൽ ദ്വിവത്സര ഡി.ജി.ഒ കോഴ്‌സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്.

തുടർന്ന് സീമ ജോലിയിൽ പ്രവേശിച്ച ശേഷം ദീർഘ നാൾ അവധിയെടുത്ത് പഠനം വീണ്ടും നടത്തിയോ എന്നന്വേഷിച്ചപ്പോൾ സർവ്വീസ് ഹിസ്റ്ററിയിൽ നീണ്ട അവധിയില്ല എന്ന് മനസ്സിലായി. ഇതോടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവർ വനിതാ ഗൈനക്കോളജിസ്റ്റായി ആരോഗ്യ വകുപ്പിൽ ജോലി നേടിയത് എന്ന് വ്യക്തമായി. തുടർന്നാണ് ആരോഗ്യ തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവർക്കു പരാതി നൽകി.

പരാതിയെ തുടർന്ന് സീമയോട് ആരോഗ്യവകുപ്പ് ഡയറക്ടർ സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്നും ഒർജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. അപ്പോഴാണ് തനിക്കെതിരെയുള്ള പരാതി ശക്തമാണെന്ന് സീമയ്ക്ക് മനസ്സിലായത്. ഇതോടെ പരാതിക്കാരെ സ്വാധീനിക്കാൻ പല വഴി നോക്കി.

പരാതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ എന്റെ ജോലി പോകുമെന്നും എത്ര രൂപ വേണമെങ്കിലും തരാമെന്നും പല രാഷ്ട്രീയ പ്രവർത്തകർ വഴിയും അവർ അഭ്യർത്ഥിച്ചു. പക്ഷേ ഇനിയൊരാൾക്കും ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാകാതിരിക്കാൻ പരാതി പിൻവലിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ശ്രീദേവി മറുനാടനോട് പറഞ്ഞു.

സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. രമേഷ് ആർ സസ്പെൻഡ് ചെയ്യുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി 7 വർഷത്തോളം സർക്കാർ സർവ്വീസിൽ തുടർന്ന സീമ ഇപ്പോൾ ഒളിവിലാണ്. യോഗ്യതയില്ലാതെ സിസേറിയൻ നടത്തി കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ കൊലക്കുറ്റത്തിന് കേസു കൊടുക്കാനൊരുങ്ങുകയാണ് ശ്രീദേവിയും ഭർത്താവ് സാബുവും.

അതേ സമയം 2019 ൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നെത്തിയ പൊലീസ് സർജന്റെ നേതത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെയും മാതാപിതാക്കൾക്ക് നൽകിയിട്ടില്ല.