തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അൽപ്പം നഷ്ടം സഹിച്ച് വാക്സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും ഐസക്ക് വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്സിന് പണം ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്സിൻ വാങ്ങണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേൽ ഭാരം വരുന്നതിനെതിരെയും ശക്തമായ വിമർശനം ഉന്നയിക്കും. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈയൊരു സാഹചര്യത്തിൽ ആയിരം കോടിയൊക്കെ എടുത്ത് ഒറ്റയടിക്ക് ചിലവു ചെയ്യുക എന്നത് കൂടുതൽ സാമ്പത്തിക പ്രയാസങ്ങളിലേക്ക് നയിക്കും. പക്ഷേ, ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സർക്കാരിന്റെ ചില പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുകയാണ്. കേന്ദ്രം തന്നില്ലെങ്കിൽ നാട്ടുകാർക്ക് കിട്ടില്ല എന്ന അവസ്ഥയുണ്ടാവില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്സിൻ എന്നുപറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്. ഒരു രാഷ്ട്രത്തിൽ എല്ലാം ഒരേപോലെ വേണമെന്ന് പറയുന്നവർ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയിരിക്കുകയാണ്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു എന്നൊക്കെയാണല്ലോ കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. അതുപയോഗിച്ച് സൗജന്യവാക്സിൻ നൽകാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവന ചെയ്യണം. അല്ലെങ്കിൽ 1100 കോടി രൂപ എവിടെനിന്നാണ് ഉണ്ടാക്കാൻ കഴിയുക എന്നും തോമസ് ഐസക് ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു. അതിന് ഇന്ന പാർട്ടി എന്നില്ല, എല്ലാവർക്കും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

സംസ്ഥാനത്തെ യുവജനങ്ങൾക്ക് കോവിഡ് വാക്സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത് കുറഞ്ഞത് 1100 കോടി രൂപയോളമാണ്. സംസ്ഥാനത്ത് 18-45 പ്രായവിഭാഗത്തിൽ ഏതാണ്ട് 1.38 കോടി പേരുണ്ട്. ഇവർക്ക് രണ്ട് ഡോസ് വാക്സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്. 18-45 പ്രായവിഭാഗത്തിന്റെ വാക്സിൻ ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട കോവിഡ് വാക്സിൻ നയത്തോടെ ഈ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സർക്കാരുകളുടെ തലയിലാക്കി. സിറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ ആശുപത്രികൾക്ക് പ്രഖ്യാപിച്ച, ഡോസിന് 400 രൂപ നിരക്കിൽ വാക്സിൻ ലഭിച്ചില്ലെങ്കിൽ ചെലവ് ഇനിയുമുയരാം.

സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ, ഇതിന് 35,000 കോടി രൂപയും വകയിരുത്തി. ആവശ്യാനുസരണം കൂടുതൽ തുക നൽകുമെന്നായിരുന്നു ഉറപ്പ്. ഇ?പ്പോൾ വാക്സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിൽകെട്ടിവച്ച് പാർലമെന്റിന് നൽകിയ ഉറപ്പും ലംഘിച്ചു. കോവിഡിനെതിരായ യുദ്ധത്തിനെന്ന പേരിൽ 12 ലക്ഷം കോടിയിലേറെ രൂപയാണ് കേന്ദ്ര സർക്കാർ ഈ വർഷം അധികം കടമെടുക്കുന്നത്.

സംസ്ഥാനത്ത് ബുധനാഴ്ച വരെ 64.29 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ആകെ ജനസംഖ്യയുടെ 15 ശതമാനം വരുമിത്. 55.57 ലക്ഷം പേർ ആദ്യ ഡോസും 8.72 ലക്ഷം പേർ രണ്ടാമത്തെ ഡോസും എടുത്തു. ജനുവരി 16 ന് ആരംഭിച്ച വാക്‌സിൻ വിതരണം മൂന്ന് മാസം പിന്നിടുമ്പോഴും വാക്‌സിൻ പാഴാക്കാതെ സംസ്ഥാനം തുടരുകയാണ്.

4,72,910 ഡോസ് വാക്‌സിനാണ് സ്റ്റോക്കുള്ളത്. 3,47,070 ഡോസ് കോവിഷീൽഡും 1,25,800 കോവാക്‌സിനും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമാണ് വാക്‌സിനേഷൻ. വ്യാഴാഴ്ച 826 കേന്ദ്രത്തിൽ വാക്‌സിൻ വിതരണം നടന്നു. വാക്‌സിൻ ക്ഷാമത്താൽ പാലക്കാടും തിരുവനന്തപുരത്തും സ്വകാര്യ മേഖലയിലെ ഒരു കേന്ദ്രവും പ്രവർത്തിച്ചില്ല. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രമാണ് നൂറിലധികം കേന്ദ്രം പ്രവർത്തിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്, ഒമ്പത് കേന്ദ്രം.