കൊച്ചി: ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളിലൂടെയൊന്നും പ്രതീക്ഷിച്ച നേട്ടം ആമസോൺ പ്രൈമിന് കിട്ടിയിട്ടില്ല. മലയാള ചിത്രങ്ങളിലൂടെ ആമസോണിലെ യൂസർമാർ കൂടിയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ആമസോൺ കാട്ടിയ മലയാള ചിത്രങ്ങൾക്ക് നേട്ടമുണ്ടാകുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് വലിയ തുക നൽകി മോഹൻലാലിന്റെ ദൃശ്യം 2 ആമസോൺ സ്വന്തമാക്കുന്നത്. യൂസർമാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. എന്നാൽ ദൃശ്യം രണ്ടിന്റെ തിയേറ്റർ റിലീസ് വേണ്ടെന്ന് വച്ചതിൽ മോഹൻലാലിന്റെ ആരാധകരും തിയേറ്റർ ഉടമകളും നിരാശരാണ്.

മലയാളത്തിലെ അതിശക്തമായ നിർമ്മാണ കമ്പനിയാണ് ആശിർവാദ്. മോഹൻലാലിനെ വച്ച് കോടികളുടെ ബിസിനസ് നടത്തുന്ന താരത്തിന്റെ ഡ്രൈവർ കൂടിയായിരുന്ന ആന്റണി പെരുമ്പാവൂരിന്റെ കമ്പനി. സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ല. അത്തരത്തിലൊരു വ്യക്തി ഒടിടിയിലൂടെ ദൃശ്യം രണ്ട് പ്രഖ്യാപിച്ചത് സിനിമാ മേഖലയെ തന്നെ ഞെട്ടിട്ടു. വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയുമായിരുന്നു ആദ്യം റിലീസ് ചെയ്തത്. ഇതിന്റെ പേരിൽ വിജയ് ബാബുവിന് വലിയ വിമർശനം നേരിട്ടു. അന്ന് തിയേറ്ററുകൾക്കൊപ്പമായിരുന്നു ആൻണി. അതുകൊണ്ട് തന്നെ ആന്റണിയുടെ തീരുമാനം ഏവർക്കും ഞെട്ടലുണ്ടാക്കി. അതിനിടെയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് തിയേറ്ററിൽ എത്തുമെന്ന പ്രഖ്യാപനം.

ഇത് തിയേറ്ററുടമകളെ വെല്ലുവിളിക്കാനും തനിക്ക് ഇൻഡ്‌സ്ട്രിയിലുള്ള സ്വാധീനം വ്യക്തമാക്കാനുമാണ് ആന്റണി നടത്തിയെന്ന വിലയിരുത്തലും ഉണ്ട്. മറിച്ച് തിയേറ്ററുകളെ വീണ്ടും സജീവമാക്കാനുള്ള അന്റണിയുടെ നീക്കമായും വിലയിരുത്തുന്നവരുണ്ട്. വിജയ് ബാബുവിനെ ഒടിടി റിലീസിന്റെ പേരിൽ ആരും വിലക്കിയില്ല. പിന്നീടും ചിത്രങ്ങളെത്തി. അതുകൊണ്ട് തന്നെ ആന്റണിയുടെ സിനിമകളെ ഔദ്യോഗികമായി വിലക്കാൻ സംഘടനകൾക്ക് കഴിയില്ല. അതുകൊണ്ട് തന്നെ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് നടക്കുകയും ചെയ്യും. സ്വന്തമായി തിയേറ്റർ ശ്ര്ൃംഖല ആന്റണിക്കുണ്ട്. അതുകൊണ്ട് തന്നെ പ്രതിസന്ധിയെ മറികടക്കാൻ ആന്റണിക്ക് കഴിയും.

ഏതായാലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നല്ല ദൃശ്യം രണ്ട് ആമസോൺ വിറ്റതെന്ന് ഏവർക്കും അറിയാം. ഇതിന്റെ പരിഹാസവും സോഷ്യൽ മീഡിയയിൽ നിറയുന്നു. മകളുടെ കല്യാണം കഴിഞ്ഞതോടെ 'ലാലിന്റെ ഡ്രൈവറുടെ' കൈയിലെ കാശെല്ലാം തീർന്നോ? തിയേറ്റർ സംഘടനാ നേതാവ് തന്നെ ഒടിടി റിലീസിന് പോകുന്നത് കടം കയറി മുടിയാതിരിക്കാനെന്ന് സോഷ്യൽ മീഡിയയുടെ കളിയാക്കൽ. ദൃശ്യം രണ്ടിന്റെ പ്രഖ്യാപനം എത്തുമ്പോൾ തിയേറ്റർ എപ്പോൾ തുറക്കുമെന്ന് ആർക്കും അറിയില്ലെന്ന് കൂട്ടുകാരോട് മറുപടി പറയുന്ന മോഹൻലാലിന് ഇന്നലെ വൈകിട്ട് വന്ന സർക്കാർ തീരുമാനവും തിരിച്ചടിയായി.

ഇത്ര പെട്ടെന്ന് തിയേറ്റർ തുറക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന് മോഹൻലാലും പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് അടിയന്തിരമായി പ്രഖ്യാപിച്ചതും. മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 2 ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് രംഗത്തു വന്നിരുന്നു. 2020 കൊറോണ വർഷമായിരുന്ന തീയറ്റർ ഉടമകൾക്ക് 2021 വഞ്ചനയുടെ വർഷമായി കണക്കാക്കാം.... യൂ ടൂ മോഹൻലാൽ എന്നാണ് ഫേസ്‌ബുക്ക് കുറിപ്പിൽ അനിൽ തോമസ് കുറിച്ചത്.

മോഹൻലാലാണ് ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ റിലീസ് പ്രഖ്യാപിച്ചത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുക. ജോർജു കുട്ടിയും കുടുംബവും ആമസോൺ പ്രൈമിലൂടെ ഉടൻ എത്തും എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ടീസർ പങ്കുവെച്ചത്. ജോർജുകുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച്? 2013ൽ പുറത്തിറങ്ങിയ ദൃശ്യം ഒന്നാം ഭാഗം തിയറ്ററുകളെ ഇളക്കിമറിച്ച ഹിറ്റായിരുന്നു. രണ്ടാംഭാഗമായി എത്തുന്ന ചിത്രം കോവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലുണ്ടായിരുന്നവരെ കൂടാതെ മറ്റ് ചില പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ട്. സായ്കുമാർ, മുരളി ഗോപി, ഗണേശ് കുമാർ എന്നിവർ അതിൽ പ്രധാനികളാണ്.

കോവിഡ് കാരണമുള്ള അനിശ്ചിതത്വമാണ് ഒ.ടിടി റിലീസിനുള്ള പ്രധാന കാരണമെന്ന് ജിത്തു ജോസഫ് പറഞ്ഞു. ജനുവരി 26ന് തിയറ്ററിൽ റിലീസ് ചെയ്യാമെന്നാണ് കരുതിയിരുന്നത്. കോവിഡ് പ്രതിസന്ധികൾ ഡിസംബറോടെ കുറയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, തിയറ്റർ റിലീസിങിന്റെ കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷയില്ലെന്ന് ദൃശ്യത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.