ലണ്ടൻ: ദൃശ്യം രണ്ടു എന്ന മോഹനലാൽ ചിത്രം അതിശയകരമായ വിധത്തിൽ സാമൂഹ്യ ചർച്ചകളിൽ നിറയുകയാണ് . ചിത്രത്തിന്റെ ക്‌ളൈമാക്‌സ് സാധാരണ പ്രേക്ഷകന്റെ പ്രായോഗിക ബുദ്ധിക്കു ചേർന്നതായില്ല എന്ന കണ്ടെത്തലിനോട് ചിത്രത്തിന്റെ സംവിധായകൻ ജീത്തു തന്നെ വിശദീകരണവുമായി രംഗത്ത് വന്നു കഴിഞ്ഞു. ആദ്യ ദിവസങ്ങളിൽ മലയാളി പ്രേക്ഷകർ ഒന്നാകെ നെഞ്ചിലേറ്റിയ ചിത്രത്തെ പതിയെ പതിയെ പല ആംഗിളുകളിൽ വീക്ഷിക്കുകയാണ് പ്രേക്ഷക സമൂഹം. കഥയെ കഥയായും സിനിമയെ സിനിമയായും കണ്ടേ മതിയാകൂ എന്ന വാദം മുറുകുമ്പോഴും പ്രേക്ഷകർക്ക് പറയാനുള്ളത് കേൾക്കാനും സിനിമ ലോകം തയാറാകണം എന്ന വാദത്തിനും കനം വയ്ക്കുകയാണ്. നല്ല എന്റെർറ്റൈനെർ എന്ന അംഗീകാരം നൽകുമ്പോൾ തന്നെ തങ്ങളുടെ നിരീക്ഷണവുമായി എത്തുന്നവർക്കിടയിൽ സിനിമയുടെ വഴിത്തിരിവുകൾക്കു 28 വര്ഷം പഴക്കമുള്ള അഭയ കേസിനോട് താരതമ്യപ്പെടുത്തുകയാണ് അഭയയുടെ നാട്ടുകാരൻ കൂടിയായ യുകെ മലയാളി ജോൺ മുളയിങ്കൽ.

ഓൺലൈൻ മാധ്യമങ്ങളിൽ വിഷയങ്ങൾ എഴുതുന്ന ജോണ് ദൃശ്യത്തിൽ യുവാവിന്റെ കൊലയ്ക്കു ശേഷം ഉള്ള സംഭവ പരമ്പരകളിൽ പലതും അഭയക്കേസിനോട് ചേർന്ന് നില്കുന്നു എന്ന നിരീക്ഷണമാണ് നടത്തുന്നത്. ഇതിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിലും പിന്നീട് രണ്ടാം ഭാഗത്തിൽ സിനിമയുടെ ഗതി നിർണ്ണയിക്കുന്ന സാക്ഷി മൊഴി നല്കാൻ എത്തുന്ന ജോസ് എന്ന കഥാപാത്രം അഭയക്കേസിലെ കള്ളൻ രാജുവിനോട് ഏറെ സാമ്യപ്പെടുന്നു എന്നാണ് ജോണ് മുളയിങ്കൽ വിലയിരുത്തുന്നത്. അഭയ കേസിൽ പൊലീസ് തന്നെ തെളിവ് നശിപ്പിച്ചു എന്ന് പൊതു സമൂഹം വിലയിരുത്തുമ്പോൾ സിനിമയിൽ അത് കഥാനായകൻ തന്നെ ചെയുന്നു എന്ന വത്യാസമേയുള്ളൂ . ജോണിന്റെ കുറിപ്പിന്റെ പൂർണ രൂപം താഴെ :

ലോകമെങ്ങും മലയാളികൾ ആകാംക്ഷയോടെ കണ്ടു കൊണ്ടിരിക്കുന്ന ഒരു സസ്‌പെൻസ് ത്രില്ലർ സിനിമയാണ് ദൃശ്യം 2. എടുത്തു പറയുവാൻ തക്ക സവിശേഷതയുള്ള ചിത്രമാണിത്. തിരക്കഥയ്ക്കും സവിധാനത്തിനും ജിത്തു ജോസഫ് കൈ അടി നേടുമ്പോൾ മോഹൻലാലിന്റെ ജോർജ്ജ് കുട്ടിക്ക് നൂറ് മാർക്ക് നൽകാം .മറ്റു കഥാപാത്രങ്ങൾ ഒന്നും മോശമായി എന്നിതിന് അർത്ഥമില്ല. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദൃശ്യം 1 ൽ നിന്ന് ദൃശ്യം 2 ലേക്ക് ക്യാമറാ ചലിക്കുമ്പോൾ ആദ്യ സിനിമാ കാണാത്തവർക്കും അത് മനസ്സിക്കാൻ തക്കവിധത്തിൽ കഥ നീങ്ങുന്നു. ദൃശ്യ ഭംഗി ഒട്ടും ചോർന്നുപോകാതെ സീനുകൾ നീങ്ങുന്നു. അന്വോഷണ ഉദ്ദ്യോഹസ്ഥർ മാറി വരുന്നത് തീർച്ചയായും കഥാഗതിയെ ആധുനീക പുരോഗമനത്തിലേക്ക് നയിക്കുന്നുമുണ്ട്.

കേരളമാകെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയാ കേസിന്റെ ചുവടു പിടിച്ചിട്ടാകാം തൊണ്ടിമുതൽ മാറ്റപ്പെടുന്നതും ദൃക്ക് സാക്ഷിയായി മുൻ കുറ്റ വാളിയെ അവതരിപ്പിക്കുന്നതും. മനപ്പൂർവ്വമല്ലാതെ ചെയ്തു പോയ തെറ്റിന് വർഷങ്ങളോളം ഒരു കുടുംബം നേരിടേണ്ടി വരുന്ന മാനസീക സംഘർഷം വളരെ ഭംഗിയായി ചിത്രത്തിൽ വരച്ചുകാട്ടുന്നു. ദൃശ്യം 1 കണ്ടവരിൽ ആ ചെറുക്കന് അത് വരേണ്ടതാണ് എന്ന് പറയുന്നവർ പലരും തന്നെ ജോർജ്കുട്ടിയെ ശിക്ഷിക്കണമെന്ന് പറയുമ്പോൾ മാറിമറിയുന്നത് മനുഷ്യന്റെ മാനസീക ചിന്തകളാണ് എടുത്ത് കാട്ടുന്നത്.

അഭയക്കേസിലും ഇതുപോലെ തെളിവ് നശിപ്പിക്കാൻ മുന്നിൽ നിന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ പിന്നീട് ആല്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത് . മാനസിക സംഘർഷം അത്ര വലുതായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത് . ഇപ്പോൾ ദൃശ്യം രണ്ടിലും മീന അവതരിപ്പിക്കുന്ന റാണിയും മൂത്തമകളായ ഹാന്‌സിബയുടെ അഞ്ജുവും ഒക്കെ അത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ തന്നെയാണ് കടന്നു പോകുന്നത്. ഒരു രാത്രി ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ കിടക്കാൻ പോലും ധൈര്യം ഇല്ലാത്ത വിധം അവരുടെ മാനസിക ശേഷി ചോർന്നുപോകുകയാണ് .

മുൻ കാലങ്ങളിൽ നമ്മൾ കണ്ട മമ്മൂട്ടിയുടെ ഇആക ഡയറിക്കുറിപ്പുകൾ എന്ന സിനിമാ പരമ്പരയിൽ കുറ്റങ്ങൾ തെളിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാടുപെടുമ്പോൾ ദൃശ്യ സിനിമകൾ കുറ്റവാളി പഴുതില്ലാത്ത രീതിയിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. ഇത് ഒരു തെറ്റായ സന്ദേശമാണ് എന്നും വ്യഖ്യാനിക്കപ്പെടും , ദൃശ്യം 2 ആകാംഷയോടെ കണ്ടിരിക്കാവുന്ന നല്ലൊരു സിനിമയാണ് എന്നുള്ളത് അണിയറ പ്രവർത്തകർക്ക് അഭിമാനത്തോടെ പറയാവുന്നതാണ്. തീയേറ്ററിൽ ആയിരുന്നെങ്കിൽ 100 കോടി പരമ്പരയിൽ ചേർക്കപ്പെട്ടേനേ. മലയാള സിനിമാ ലോകത്തിനു ദൃശ്യം 2 ഒരു മുതൽ കൂട്ടു തന്നെ.