ലണ്ടൻ: പതിനായിരം കാഴ്ചക്കാരിലേക്കു എത്തിയ ദൃശ്യം രണ്ടിനെ കുറിച്ചുള്ള യുകെ മലയാളി നേഴ്‌സ് ഷൈനിയുടെ സംശയം ചിത്രത്തിലെ ഹീറോ സാക്ഷാൽ മോഹൻലാലിനും തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തൽ. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസെഫ് തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധ നേടുന്നത് . ഒരു സാധാരണ പ്രേക്ഷകന് അടിസ്ഥാനപരമായ ഈ സംശയം തോന്നിയാൽ അതിൽ തെറ്റ് പറയാനാകുമോ എന്ന് മോഹൻലാൽ സംശയം ഉന്നയിച്ചതോടെ ജിത്തു തന്നെ നേരിട്ട് കോട്ടയം ഫോറൻസിക് ലാബ് സന്ദർശിച്ചാണ് ക്‌ളൈമാക്‌സിലെ ട്വിസ്റ്റ് രൂപപ്പെടുത്തിയത്. ഇക്കാര്യം ചിത്രം പുറത്തു വന്ന ശേഷം അധികമാരും ശ്രദ്ധിക്കാതെ പോയെങ്കിലും രണ്ടാം ദിനം സിനിമ കണ്ട യുകെ മലയാളി നേഴ്സും യൂട്യൂബറുമായ ഷൈനി മോഹനൻ നടത്തിയ ഫിലിം റിവ്യൂ പൊടുന്നനെ കാണികളുടെ ശ്രദ്ധ നേടിയതോടെയാണ് കേരളത്തിലെ ഏറ്റവും പ്രധാന മാധ്യമത്തിന് മുന്നിലെത്തി ജീത്തു തന്നെ ഇക്കാര്യം തങ്ങളും വിശദമായി ചർച്ച ചെയ്തിരുന്നതാണെന്നു വെളിപ്പെടുത്തിയത് .

സിനിമയിൽ ലോജിക്ക് ഉണ്ടാകണമെന്നു ഏറ്റവും നിർബന്ധമുള്ള ലാൽ തന്നെ തന്റെ സിനിമയിൽ ഇതൊരു ലോജിക്കില്ലായ്മ ആയി മാറുമോ എന്ന സംശയം ഉന്നയിച്ചത് സ്‌ക്രിപ്റ്റിന്റെ മിനുക്കു പണിക്കിടെ ജീത്തുവിനും ആശന്ക സമ്മാനിച്ചിരുന്നു . തുടർന്ന് ഫോറൻസിക് ലാബിലെ സുരക്ഷാ വിഷയങ്ങൾ അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തന്റെ സുഹൃത്ത് കൂടിയായ ഫോറൻസിക് സർജൻ ഹിദേശ് ശങ്കറിന്റെയും അഭിപ്രായം തേടിയത് . അവരുടെ വാക്കുകളിൽ നിന്നും ലഭിച്ച ലൂപ്പ് ഹോൾ സാധ്യതകളാണ് താൻ ക്‌ളൈമാക്‌സിനായി ഉപയോഗിച്ചത്. ഇതിനായി കോട്ടയം ഫോറൻസിക് ലാബിൽ നേരിട്ടെത്തി വിശകലനം നടത്തുകയും ചെയ്തു . ഇതോടെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ കൂടുതൽ പ്ലാനിങ്ങോടെ തെളിവ് നശിപ്പിക്കൽ രംഗം കൈകാര്യം ചെയ്യിപ്പിക്കേണ്ടതിന്റെ സാധ്യതയാണ് വെളിപ്പെട്ടത് . സിനിമ കാണുന്ന ഒരാൾക്ക് ഇക്കാലത്തും നമ്മുടെ നാട്ടിൽ ഇങ്ങനെയാണോ കാര്യങ്ങൾ എന്ന് ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല എന്നും ജീത്തു പറയുന്നു .

ജീത്തു നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സിനിമ ആസ്വാദകർക്ക് പുറത്തുള്ള കേരളീയ സമൂഹം കേൾക്കുന്നത്. സ്വന്തമായി ഹെലികോപ്ടർ സൗകര്യം പോലുമുള്ള കേരള പൊലീസിന് ഒരു ഫോറൻസിക് ലാബിൽ സിസിടിവി സുരക്ഷാ സൗകര്യം ഏർപ്പെടുത്താനാകില്ല എന്നത് എന്ത് ഗുരുതരമായ സുരക്ഷാ വീഴചയാണ് എന്ന് കൂടി ദൃശ്യം രണ്ടിലെ ക്‌ളൈമാക്‌സ് സീനിനെ കുറിച്ചുള്ള വിവാദ ചർച്ചകൾ ചൂണ്ടിക്കാട്ടുന്നത് . ഇതോടെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ പിടിക്കാനാകാതെ പോകുന്നത് കേരള പൊലീസിന്റെ പിഴവാണ് എന്ന ട്രോളർമാരുടെ തമാശയ്ക്കു ഗൗരവം കൂടിയാണ് . സിനിമക്ക് പുറത്തു ഒരു യഥാർത്ഥ ജോർജുകുട്ടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആസൂത്രണം നടത്തിയാൽ സിനിമയിൽ കണ്ടത് പോലെയൊക്കെ സംഭവിക്കുമോ എന്ന ചോദ്യം കേരള പൊലീസ്ലേക്കും ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനിലേക്കും കൂടിയാണ് എത്തുന്നത് .

വെറും സിനിമയല്ലേ എന്നതിനപ്പുറം അതിലൊരു കാര്യമില്ലേ എന്ന സംശയമാണ് ഇപ്പോൾ ഷൈനി ഉന്നയിച്ച വീഡിയോയിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത് . ഇതിൽ കാര്യമുണ്ട് എന്നാണു സിനിമ സംവിധായകൻ ജീത്തുവും ഇപ്പോൾ പറയുന്നത് . ഇതുകൊണ്ടാണ് പൊലീസ് ചീഫിന്റെ ഭാഷയിൽ മികച്ച ഉദ്യോഗസ്ഥർ ഉണ്ടായതുകൊണ്ട് മാത്രം കേസുകൾ തെളിയിക്കപ്പെടുകയില്ല എന്നും സിസ്റ്റം സപ്പോർട് ആവശ്യമാണെന്നും ജീത്തു പറയിക്കുന്നത് . ഇവിടെ സിസ്റ്റം സപ്പോർട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിസിടിവി പോലെയുള്ള സാങ്കേതിക സംവിധാനങ്ങളും ആധുനിക കുറ്റ അംനൗഷണ രീതികളിലേക്ക് കേരള പൊലീസ് മാറേണ്ടതിന്റെ ആവശ്യകതയും കൂടിയാണ് ദൃശ്യം രണ്ട് പറയാതെ പറയുന്നത് . ക്‌ളൈമാക്‌സില് പറഞ്ഞതിൽ 80 ശതമാനം കേരള പൊലീസിൽ നടക്കുന്ന കാര്യങ്ങൾ ആണെന്നും ജീത്തു തുറന്നടിക്കുന്നു . താൻ ലാലേട്ടന് വിശദീകരിച്ചു കൊടുത്ത സംശയമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യത്തിൽ കൂടി പുറത്തു വരുന്നതെന്നും ജീത്തു വക്തമാക്കി . ഇക്കാര്യം ലാലേട്ടനെ പൂർണമായും ബോധ്യപ്പെടുത്താനായതോടെയാണ് ശരി മുന്നോട്ടു പോകാം എന്നദ്ദേഹം ഉറപ്പു നൽകിയതെന്നും ജീത്തു കൂട്ടിച്ചേർക്കുന്നു .

ഇതോടെ ഷൈനി ഉന്നയിച്ച സംശയങ്ങൾ സിനിമ ലോകം അതീവ ഗൗരവത്തിൽ തന്നെ എടുത്തിരിക്കുന്നു എന്നുകൂടി വക്തമാകുകയാണ് . എന്നാൽ താൻ അത്ര ആഴത്തിൽ നടത്തിയ ചിന്തയൊന്നുമല്ല , ഒരു സാധാരണ പ്രേക്ഷകയുടെ ആംഗിളിൽ നോക്കിയ കാഴ്ചയാണ് തന്റെ ലിറ്റിൽ തിങ്ങ്‌സ് എന്ന യൂ ട്യൂബ് ചാനൽ വഴി ചർച്ച ചെയ്തതെന്നും ഷൈനി പറയുന്നു. കണ്മുന്നിൽ കാണുന്ന ഇത്തരം ചെറിയ കാര്യങ്ങളുടെ ഉള്ളടക്കമാണ് ലിറ്റിൽ തിങ്ങ്‌സ് എന്ന യുട്യൂബ്. നേഴ്സുമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾക്ക് ഉപയോഗപ്രദമായ വിധിയ്യോകളാണ് ഈ ചാനലിൽ കൂടുതൽ ശ്രദ്ധ നൽകുന്നത്.

ഏതാനും വര്ഷം മുൻപ് യുകെയിലെ ബാൻഡ് ഫൈവ് എന്ന അടിസ്ഥാന നേഴ്സിങ് രംഗത്ത് കുടുങ്ങുക്കിടക്കുന്ന നേഴ്സുമാരെ എങ്ങനെ ഉയർന്ന പടവുകൾ ചവിട്ടിക്കൻ സാധിക്കും എന്ന ചിന്തയാണ് ഈ യുട്യൂബ് നിർമ്മിതിക്ക് കാരണമെന്നും ഷൈനി പറയുന്നു . താൻ ഉയർന്ന ബാൻഡിൽ എത്തിയ വഴി സഹപ്രവർത്തകരായ ഫിലിപ്പീൻസ് , ചൈനീസ് നഴ്‌സുമാരോട് പങ്കുവച്ചപ്പോൾ അവരാണ് ഈ ആശയത്തിനു പ്രചോദനം നൽകിയത് . തുടർന്നു ഒട്ടേറെ പേരെ സഹായിക്കാനായി, ഇക്കൂട്ടത്തിൽ അടുത്തിടെ യുകെയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ജോമ ബെന്നി , സിൽവി തോമസ് എന്നിവരെയും ഉയർന്ന ബാൻഡിലെത്തിക്കുന്നതിനു ചെറിയ കൈസഹായം നല്കാൻ സാധിച്ചത് അഭിമാന മുഹൂർത്തമായി കാണുകയാണെന്നും തിയറ്റർ സിസ്റ്റർ ഇൻ ചാർജ് ആയ ഷൈനി മോഹനൻ കൂട്ടിച്ചേർക്കുന്നു.

ബാൻഡ് ഫൈവിൽ ജോലി ചെയ്യുന്ന ആർക്കും ഉയർന്ന പോസ്റ്റ് നേടാൻ ആവശ്യമായ ടിപ്‌സ് നൽകി പ്രോത്സാഹിപ്പിക്കാൻ താൻ സന്നദ്ധയാണെന്നും മൂന്നാർ സ്വദേശിയായ ഈ യുകെ മലയാളി നേഴ്‌സ് വക്തമാകുന്നു . ലോക് ഡൗൺ സമയത്തു ടെൻഷൻ മാറ്റുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെ തുടങ്ങിയ യുട്യൂബ് മലയാള സിനിമയുടെ ട്രെൻഡ് സെറ്റർ ആയ സംവിധായകൻ ജീത്തു സാർ അടക്കമുള്ളവരുടെ ശ്രദ്ധയിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും തുടക്കം മുതൽ പോസിറ്റീവ് ആയും നെഗറ്റീവ് ആയും അഭിപ്രായങ്ങൾ പങ്കുവച്ചു പിന്തുണ നല്കിയവരോടും ഏറെ നന്ദിയുടെന്നും ഷൈനി കൂട്ടിച്ചേർക്കുന്നു.