ന്യൂഡൽഹി: ജമ്മുകശ്മീർ എയർ ഫോഴ്‌സ് സ്‌റ്റേഷന് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയാണ് വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സത്‌വാരിയിലെ എയർബേസിലാണ് ഡ്രോൺ കണ്ടെത്തിയത്. എയർബേസിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയാണ് ഡ്രോൺ സാന്നിധ്യം ഉണ്ടായത്.

ജൂൺ 27ന് എയർബേസിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ജൂൺ 29ന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു. ഈ യോഗത്തിൽ ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ചർച്ചയായിരുന്നു.

ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ജമ്മുകശ്മീർ പൊലീസിന് പുതിയ ഭീഷണിയാണെന്ന് ഡി.ജി.പി ദിൽബാഗ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂൺ 27ന് നടന്ന ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.