ന്യൂഡൽഹി: രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതുക്കി ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ. ഡ്രോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങളുടെ കരട് സർക്കാർ പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയതിനേക്കാൾ താരതമ്യേന ലളിതമാണ് പുതിയ കരട്. കരടിന്മേലുള്ള ആക്ഷേപം അടുത്ത മാസം അഞ്ചാം തീയതി വരെ പൊതുജനങ്ങൾക്ക് അറിയിക്കാം.

തീരെ ചെറിയ ഡ്രോണുകൾക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോൺ ഉപയോഗത്തിനും ലൈസൻ ആവശ്യമില്ലെന്നതാണ് പ്രധാന മാറ്റങ്ങളിൽ ഒന്ന്. എന്നാൽ രണ്ട് കിലോഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നിർബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവർക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. പത്ത് വർഷമായിരിക്കും ലൈസൻസ് കാലാവധി.

ഡ്രോൺ പറത്താൻ അനുമതിയുള്ളതും ഇല്ലാത്തതമായ പ്രദേശങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ സ്‌കൈ പ്ലാറ്റ് ഫോം നിർമ്മിക്കുമെന്നും കരട് നയത്തിൽ പറയുന്നു.സ്വകാര്യ വാണിജ്യ ഉപയോഗം പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ്, ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.

കരടിന്മേലുള്ള ആക്ഷേപങ്ങൾ ഓഗസ്റ്റ് അഞ്ച് വരെ പൊതു ജനത്തിന് അഭിപ്രായം അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്. ജമ്മു കശ്മീരലടക്കം ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോഴാണ് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്. 

അതേസമയം ഇന്നലെ ജമ്മുവിൽ എത്തിയ സംയുക്ത സൈനിക മേധാവി നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. ഡ്രോൺ ഭീഷണിയുടെ അടക്കം പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ബിപൻ റാവത്ത് കൂടിക്കാഴ്‌ച്ച നടത്തുണ്ട്.

രാത്രിയിൽ നടന്ന സുരക്ഷ പരിശോധനക്കിടെയാണ് ജമ്മു വ്യോമത്താവളത്തിന്, സമീപം ഡ്രോൺ കണ്ടത്. ഇതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് ഇത് പാക്കിസ്ഥാൻ അതിർത്തി ഭാഗത്തേക്ക് പറന്നുപോയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം വ്യോമത്താവളത്തിൽ ഡ്രോൺ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിർത്തിക്ക് സമീപം അർണിയ സെക്ടറിലും ബിഎസ്എഫിന്റെ തെരച്ചിലിനിടയിൽ ഡ്രോൺ കണ്ടെത്തിയിരുന്നു.