ന്യൂഡൽഹി: രാജ്യത്തെ ദുർഘട പ്രദേശങ്ങളിലെ ആളുകൾക്കു ഡ്രോൺ വഴി കോവിഡ് വാക്‌സീൻ എത്തിച്ചു നൽകാൻ കേന്ദ്ര സർക്കാർ. വിദൂര സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വാക്സിനും എത്തിക്കുന്നതിനായി ഐസിഎംആറിന് വേണ്ടി എച്ച്.എൽ.എൽ ഇൻഫ്രാ ടെക് സർവീസ് താൽപര്യപത്രം ക്ഷണിച്ചു.

കാൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) പഠനത്തിനുശേഷമാണു വാക്‌സിനേഷനു ഡ്രോൺ (അൺമാൻഡ് ഏരിയൽ വെഹിക്കിൾസ് യുഎവി) ഉപയോഗിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സർക്കാരിനായി എല്ലാ വാക്‌സീനുകളും വാങ്ങുന്ന എച്ച്എൽഎൽ ലൈഫ് കെയറിന്റെ അനുബന്ധ സ്ഥാപനമായ എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡ് ആണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ഐസിഎംആർ) പ്രതിനിധീകരിച്ച് താൽപര്യപത്രം ക്ഷണിച്ചത്. നിലവിൽ തെലങ്കാന മാത്രമാണു ഡ്രോൺ വാക്‌സീൻ ഡെലിവറി എന്ന ആശയവുമായി മുന്നിലുള്ളത്.

ഡ്രാൺ പ്രവർത്തിപ്പിക്കാൻ അനുമതി ഉള്ള സ്ഥലങ്ങളിൽ അവയെ വാക്സിൻ വിതരണത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. താൽപര്യമുള്ള കമ്പനികൾക്ക് അപേക്ഷിക്കാനുള്ള മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

മരുന്നും വാക്‌സീനുമായി 35 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും കുറഞ്ഞത് 100 മീറ്റർ ഉയരത്തിൽ പറക്കാനും കഴിയുന്നതാകണം ഡ്രോണുകളെന്ന് ഐസിഎംആർ പറയുന്നു. ജൂൺ 22നകം അപേക്ഷിക്കണം. 'കാൻപുരിലെ ഐഐടിയുമായി സഹകരിച്ചു നടത്തിയ പഠനത്തിൽ ഡ്രോണുകളിൽ വാക്‌സീൻ വിതരണം ചെയ്യുന്നതു രാജ്യത്തെ വാക്‌സിനേഷൻ ശക്തിപ്പെടുത്തുമെന്നു ഐസിഎംആർ കണ്ടെത്തി' എന്നാണു താൽപര്യ പത്രത്തിൽ പറയുന്നത്.

കേന്ദ്രനയം അനുസരിച്ച്, യുഎവി ലംബമായി പുറപ്പെടണം. കുറഞ്ഞതു നാല് കിലോഗ്രാം ലോഡ് വഹിക്കണം. പേലോഡ് ഡെലിവറി ചെയ്ത ശേഷം ടേക്ക് ഓഫ് കേന്ദ്രത്തിലേക്കോ കമാൻഡിങ് സ്റ്റേഷനിലേക്കോ മടങ്ങാൻ കരുത്തു വേണം. ടേക്ക് ഓഫ്, ലാൻഡിങ്, യാത്ര എന്നിവ ഡിജിസിഎ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം. പാരച്യൂട്ട് അടിസ്ഥാനമാക്കിയുള്ള ഡെലിവറിക്ക് മുൻഗണന നൽകില്ല. ഡ്രോണുകളിലൂടെ വാക്‌സീൻ സുരക്ഷിതമായി നിലത്തിറക്കണമെന്നും നിർദേശമുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന സേവനദാതാക്കളെ തുടർച്ചയായ 90 ദിവസം സേവനത്തിനായി തിരഞ്ഞെടുക്കും. വാക്സിൻ വിതരണ ആവശ്യവും ഡ്രോൺ ഓപ്പറേറ്റർമാരുടെ പ്രകടനവും നോക്കിയാവും പിന്നീട് സേവനത്തിനായി നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

തെലങ്കാനയിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോണുകൾ ഉപയോഗിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. ജനസംഖ്യ, ഭൂമിശാസ്ത്രം, ഒറ്റപ്പെട്ട മേഖല എന്നിവ പരിഗണിച്ചാവും ഡ്രോൺ ഉപയോഗം. തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമാകും ഡ്രോണിലൂടെ വാക്‌സിനെത്തുക. സമാനമായി ഐഐടി ഖരക്പൂരുമായി ചേർന്ന് വാക്‌സിൻ വിതരണത്തിന് ഡ്രോൺ ഉപയോഗിക്കാൻ ഇന്ത്യൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് അനുമതി നൽകിയിരുന്നു. വാക്‌സിൻ വിതരണത്തിന് കൂടുതൽ വേഗത കൈവരുത്താനാണ് നീക്കം.

ജനങ്ങൾക്ക് വാക്‌സിന് വേണ്ടി അലയാതിരിക്കാനുള്ള സാഹചര്യമുണ്ടാവാനും സമ്പർക്കം കുറയ്ക്കാനും പിന്നോക്ക മേഖലയിലും വാക്‌സിൻ വിതരണം ഉറപ്പിക്കാനും മെഡിക്കൽ സപ്ലെ വിതരണം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ നീക്കമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഹൈദരബാദ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹെപികോപ്റ്റർ എന്ന സ്റ്റാർട്ട് അപ്പാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനുമായി ചേർന്ന് തെലങ്കാന സർക്കാരിന്റെ ആരോഗ്യ ഉപകരണ വിതരണ മേഖലയിൽ സജീവമാണ് ഈ സ്റ്റാർട്ട്അപ്പ്.