കോഴിക്കോട് : കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മൂന്നു കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി. മയക്കുമരുന്ന് കൊണ്ടുവന്ന ആൾ അറസ്റ്റിലായി.കോഴിക്കോട് ഫ്രാൻസിസ് റോഡ് സ്വദേശി അൻവറാണ് അറസ്റ്റിലായത്.

മൂന്ന് പൊതികളിലാക്കി ബാഗിലായിരുന്നു ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. രാമനാട്ടുകരയിൽ ബസിൽ വന്നിറങ്ങുമ്പോഴാണ് ഫറൂഖ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ നീക്കം.

ആന്ധ്രപ്രദേശിലെ വിജയ വാഡയിൽ നിന്നാണ് അൻവർ ഹാഷിഷ് ഓയിലുമായി എത്തിയത്. ബസിൽ തന്നെയായിരുന്നു യാത്ര. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസിൽ മയക്കുമരുന്ന് കടത്തിയതെന്ന് ഇയാൾ മൊഴി നൽകി.

മുമ്പും ഇയാൾ മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. ഇത്രയും വലിയ അളവിൽ കോഴിക്കോട്ട് ഹാഷിഷ് ഓയിൽ പിടികൂടുന്നത് ആദ്യമായാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.