കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തി കലഹിച്ച എസ്‌ഐയെ അനുനയിപ്പിക്കാൻ എത്തിയ പൊലീസുകാർക്കും മർദ്ദനം. കാഞ്ഞിരപ്പള്ളി എസ്‌ഐ.ക്കും സിവിൽ പൊലീസ് ഓഫീസർക്കുമാണ് മറ്റൊരു എസ്‌ഐയുടെ കൈയിൽ നിന്നും അടി കിട്ടിയത്. സംഭവത്തിൽ, കീഴ്‌വായ്പൂര് എസ്‌ഐ. കോട്ടയം കഞ്ഞിക്കുഴി പീടിയാക്കൽ കുരുവിള ജോർജി (40)നെ പൊലീസ് അറസ്റ്റ് ചെയ്തു.

മർദനത്തിൽ പരിക്കേറ്റ എസ്‌ഐ. ടി.ടി.മുകേഷ്, സിവിൽ പൊലീസ് ഓഫീസർ കെ.ഐ.നവാസ് എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ കൈക്കും ദേഹത്തുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ-എസ്‌ഐ. കുരുവിള ഭാര്യവീട്ടിലെത്തി അസഭ്യം പറയുകയും ബഹളം വെയ്ക്കുകയും ചെയ്തു.

പരാതി കിട്ടിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുരുവിള പൊലീസിനെ ഉപദ്രവിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ നാട്ടുകാരിൽ ചിലരെയും ആക്രമിച്ചു.

വീടിന്റെ വാതിലും മറ്റും ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചു. പിന്നീട്, സിഐ. ഇ.കെ സോൾജിമോന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്. ജോലി തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരെ മർദിച്ചതിനുമാണ് കേസ്.

കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭാര്യ മണ്ണാറക്കയത്തെ വീട്ടിൽവന്ന് നിൽക്കുകയായിരുന്നു. എസ്‌ഐയ്‌ക്കെതിരേ ഭാര്യ മുൻപ് പരാതി നൽകിയിട്ടുണ്ട്. കുരുവിള ജോർജിനെ കോടതിയിൽ ഹാജരാക്കി.