ദുബായ്: പെൺകുട്ടിയെ കടിച്ച വളർത്തുനായയുടെ ഉടമസ്ഥൻ മൂന്ന് ലക്ഷത്തിലേറെ രൂപ (5,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. ഏറെ കാലമായി തുടർന്ന വിചാരണയ്‌ക്കൊടുവിലാണ് കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ കോടതിവിധിയുണ്ടായത്.

നായയുടെ ഉടമസ്ഥന്റെ അനാസ്ഥയാണ് കുട്ടിയെ ആക്രമിക്കാൻ കാരണമായതെന്നും ചികിത്സയ്ക്കും മറ്റുമായി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു അഭിഭാഷകൻ വാദിച്ചത്. എന്നാൽ ചികിത്സയുടെ തെളിവ് ഹാജരാക്കാൻ സാധിച്ചില്ല. ഹർജി തള്ളിയ സിവിൽ കോടതി 15,000 ദിർഹം നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ വിധിക്കുകയായിരുന്നു.

2019 നവംബർ 24ന് റാഷിദിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവാണ് മകളെ നായ കടിച്ചതായി റാഷിദിയ പൊലീസിൽ പരാതി നൽകിയത്. കൂട് തുറന്നപ്പോൾ ചാടിപ്പോയ നായ പെൺകുട്ടിയെ ആക്രമിച്ചു. വലതു കൈയിലാണ് കടിയേറ്റത്. പൊലീസ് അന്വേഷണം നടത്തി റിപോർട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

തുടർന്ന് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ പ്രാഥമിക കോടതി ഉത്തരവിട്ടു. ഇതു പിന്നീട് അപ്പീൽ കോടതി 2,000 ദിർഹമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ മാതാവ് ദുബായ് സിവിൽ കോടതിയിൽ ഹർജി നൽകുകയായിരുന്നു