കൊച്ചി: കൊച്ചിയിൽ പുലർച്ചെ, കാറപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീറിനെയും, റണ്ണറപ്പ് അൻജന ഷാജനെയും അനുസ്മരിച്ച് ദുൽഖർ സൽമാൻ. ഇരുവർക്കും ഒപ്പം ജോലി ചെയ്തിട്ടുണ്ടെന്നും ഇവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മഹത്തായ കാര്യമായി താൻ കരുതുന്നുവെന്നും ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

ദുൽഖറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

'ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന ഈ രണ്ടു പെൺകുട്ടികൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് മഹത്തായ കാര്യമായി ഞാൻ കാണുന്നു. 'സല്യൂട്ട്' എന്ന സിനിമയിൽ അഞ്ജന ഒരു ചെറിയ വേഷം ചെയ്തിരുന്നു. അൻസി എന്നോടൊപ്പം ഒരു ടിവി പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. വിഷമം നിറഞ്ഞ ഘട്ടത്തിലൂടെ കടന്നു പോകുന്ന അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.'

കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ ഇരുവരും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡോ ഹോട്ടലിന് മുന്നിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്ന് ഇടിച്ചാണ് അപകടമുണ്ടായത്.